ഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി അമേരിക്കന്‍ വ്യോമയാന ഭീമന്മാരായ ബോയിംഗ് ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങുന്നു. ഇന്ത്യയില്‍ സൂപ്പര്‍ ഹോര്‍നെറ്റ് ഫൈറ്റര്‍ ജെറ്റുകള്‍ നിര്‍മ്മിക്കാനുള്ള ചര്‍ച്ച പുരോഗമിക്കുന്നതായി ബോയിംഗിലെ പരമോന്നത ഉദ്യോഗസ്ഥന് അറിയിച്ചു.
സൂപ്പര്‍ ഹോര്‍നെറ്റിലൂടെ മേക്ക് ഇന്‍ ഇന്ത്യയുമായി നേരിട്ട് ബന്ധപ്പെടാമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി പ്രസിഡന്റും സി.ഇ.ഒയുമായ ഡെന്നിസ് മ്യൂലന്‍ബര്‍ഗ് അറിയിച്ചു .ഒരു എയര്‍ക്രാഫ്റ്റ് കാരിയറില്‍ നിന്ന് പറക്കാനും ഇറങ്ങാനും സാധിക്കുന്ന, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന, ഇരട്ട എന്‍ജിനുള്ള വിവിധോദ്ദേശ്യ സൂപ്പര്‍ സോണിക് വിമാനമാണ് എഫ്.എ 18 സൂപ്പര്‍ ഹോര്‍നെറ്റ്.
ബോയിംഗ് ഇന്ത്യയിലൂടെ അഞ്ചാം തലമുറ ഫൈറ്റര്‍ ജെറ്റുകളെ വികസിപ്പിക്കാനും പദ്ധതിയുണ്ട്. ലോക്ക്ഹീഡ് മാര്‍ട്ടിനുമായി ചേര്‍ന്നാണ് എഫ് 22 റാപ്റ്ററുകള്‍ ( അഞ്ചാം തലമുറ ഫൈറ്റര്‍ ജെറ്റ്) വികസിപ്പിക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള കരാറുകളില്‍ വന്‍കിട നിക്ഷേപങ്ങളാണ് ഭാവി ലക്ഷ്യം- ഡെന്നിസ് മ്യൂലന്‍ബര്‍ഗ് പറഞ്ഞു.
രാജ്യങ്ങള്‍ തമ്മിലുള്ള കരാറുകള്‍ പ്രാവര്‍ത്തികമായാല്‍ സൂപ്പര്‍ ഹോര്‍നെറ്റുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാം. ആവശ്യമുള്ള പദ്ധതികളില്‍ തത്പരനായി ഒരു ഉപഭോക്താവ് ഇവിടെയുണ്ടാവുകയാണ് ആദ്യം വേണ്ടത്. ബാക്കിയെല്ലാം എളുപ്പത്തില്‍ നടക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പ്രവര്‍ത്തനസജ്ജമായ സൂപ്പര്‍ ഹോര്‍നെറ്റുകള്‍ നിര്‍മ്മിക്കുന്നത് കൂടാതെ വന്‍കിട വ്യവസായ നിക്ഷേപവും വിതരണ ശൃംഖല സൃഷ്ടിക്കലും ലക്ഷ്യമിടുന്നുണ്ട്.
ഉദ്യോഗസ്ഥ മെല്ലെപ്പോക്കുകള്ക്കതീതമായി രാജ്യത്തെ നിക്ഷേപ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2014 സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്.
Discussion about this post