ന്യൂഡൽഹി : പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും പ്രത്യേക പരിഗണന നൽകി കേന്ദ്ര സർക്കാർ ബജറ്റ്. പ്രായപൂർത്തി ആകാത്തവർക്ക് വേണ്ടി രക്ഷിതാക്കൾക്ക് പുതിയ സമ്പാദ്യ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. എൻപിഎസ് വാത്സല്യ എന്നാണ് ഈ പദ്ധതിയുടെ പേര്. 18 വയസ്സ് വരെ മാതാപിതാക്കളുടെ നിയന്ത്രണത്തിലും അതിനുശേഷം സ്വന്തമായും കൈകാര്യം ചെയ്യാൻ കഴിയുന്ന അക്കൗണ്ടുകൾ ആയാണ് പദ്ധതി ആരംഭിക്കുന്നത്.
നിലവിലുള്ള ദേശീയ പെൻഷൻ സിസ്റ്റത്തിൻ്റെ (എൻപിഎസ്) ഒരു വകഭേദമാണ് എൻപിഎസ് വാത്സല്യ പദ്ധതി. ഇത് 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി അക്കൗണ്ടുകൾ തുറക്കാനും അവരുടെ വിരമിക്കൽ സമ്പാദ്യത്തിലേക്ക് സംഭാവനകൾ നൽകാനും അനുവദിക്കുന്നതാണ് ഈ പദ്ധതി.
കുട്ടിക്ക് പ്രായപൂർത്തിയായ ശേഷം മാതാപിതാക്കൾക്ക് നിലവിലെ പ്ലാൻ ഒരു സാധാരണ നാഷണൽ പെൻഷൻ സിസ്റ്റം (NPS) അക്കൗണ്ടാക്കി മാറ്റാൻ കഴിയുമെന്നതാണ് പദ്ധതിയുടെ സവിശേഷത. ഒരു ദീർഘകാല സമ്പാദ്യ പദ്ധതി ചെറിയ പ്രായത്തിൽ തന്നെ ആരംഭിക്കാൻ കഴിയും എന്നുള്ളതാണ് എൻപിഎസ് വാത്സല്യ മുന്നോട്ടുവയ്ക്കുന്ന ആശയം. കുട്ടികളുടെ ഭാവിക്കായി ചെറിയ പ്രായത്തിലെ ചെറിയ തുകകൾ വീതം മാറ്റിവയ്ക്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നത് കൂടിയാണ് എൻപിഎസ് വാത്സല്യ.
Discussion about this post