അഗർത്തല : ത്രിപുര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് ഭരണകക്ഷിയായ ബിജെപി. 70 സതമാനത്തോളം സീറ്റുകളിലാണ് എതിരില്ലാതെ ബിജെപി വിജയം കൊയ്തത്. ഗ്രാമപഞ്ചായത്ത്, ജില്ലാ പരിഷത്ത് ഉൾപ്പെടെ ആകെ 6889 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 4805 സീറ്റുകളിൽ ബിജെപി വിജയം നേടിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 1,819 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി സ്ഥാനാർത്ഥികൾ 1,809 സീറ്റുകളിലും സിപിഐഎം സ്ഥാനാർത്ഥികൾ 1,222 സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ 731 സീറ്റുകളിലും നിന്ന് മത്സരിച്ചുവെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (എസ്ഇസി) സെക്രട്ടറി അസിത് കുമാർ ദാസ് പറഞ്ഞു. ബിജെപി സഖ്യകക്ഷിയായ തിപ്ര മോദ 138 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചായത്ത് സമിതിയിൽ, തിരഞ്ഞെടുപ്പ് നടന്ന 423 സീറ്റുകളിൽ 235 എണ്ണത്തിൽ (ഏകദേശം 55 ശതമാനം) ബിജെപി വിജയം കൈവരിച്ചു. ഇനി 188 സീറ്റുകളിലേക്കാണ് പോളിംഗ് നടക്കുക. തിരഞ്ഞെടുപ്പിൽ ബിജെപി 188 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. സിപിഎമ്മും കോൺഗ്രസും യഥാക്രമം 148, 98 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്തു. തിപ്ര മോദ പാർട്ടി 11 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ടെന്നും അസിത് കുമാർ ദാസ് വ്യക്തമാക്കി.
ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിൽ 116 സീറ്റുകളിൽ 20 എണ്ണത്തിലും ബിജെപി എതിരില്ലാതെ വിജയിച്ചു (ഏകദേശം 17 ശതമാനം).
അടുത്ത ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിൽ 96 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. സിപിഐ(എം), കോൺഗ്രസ് സ്ഥാനാർത്ഥികൾ യഥാക്രമം 81 സീറ്റികളിലും, 76 സീറ്റുകളിലുമായി മത്സരരംഗത്തുണ്ട്. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 22 ആയിരുന്നു, വോട്ടെടുപ്പ് ഓഗസ്റ്റ് 8 ന് നടക്കും. വോട്ടെണ്ണൽ ഓഗസ്റ്റ് 12 നാണ്.
Discussion about this post