ശ്രീനഗർ : ജമ്മുകശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടയിൽ ഉണ്ടായ വെടിവെപ്പിൽ പരിക്കേറ്റ ജവാൻ വീരമൃത്യു വരിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു പൂഞ്ചിൽ നുഴഞ്ഞ കയറ്റ ശ്രമം തടയുന്നതിനിടയിൽ സൈനികന് പരിക്കേറ്റിരുന്നത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം രാത്രിയോടെ വീരമൃത്യു വരിക്കുകയായിരുന്നു.
ഉത്തർപ്രദേശിലെ ഹത്രാസ് സ്വദേശിയായ ലാൻസ് നായിക് സുഭാഷ് ചന്ദർ ആണ് വീരമൃത്യു വരിച്ച സൈനികൻ. 28 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ പൂഞ്ചിൽ ഉണ്ടായ ഏറ്റുമുട്ടലിൽ അദ്ദേഹം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുകയും ഒരു ഭീകരനെ വധിക്കുകയും ചെയ്തിരുന്നു. ദൗത്യത്തിനിടയിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
24 മണിക്കൂറിനിടയിൽ നടന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായത്. നേരത്തെ തിങ്കളാഴ്ച രജൗരിയിലെ ഗുണ്ട ഗ്രാമത്തിൽ സൈനിക പോസ്റ്റിനു നേരെ ഭീകരർ വെടിയുതിർത്തിരുന്നു. സുരക്ഷാസേന ഉടൻ തന്നെ തിരിച്ചടിച്ച് ഭീകരാക്രമണം നിർവീര്യമാക്കിയിരുന്നു.
Discussion about this post