ടെഹ്റാൻ : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അഹങ്കാരത്തിന് മറുപടി ലഭിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ട്രംപ് ലോകം മുഴുവൻ തന്റെ അഹങ്കാരം കാണിക്കുകയാണ്. ഇത്തരത്തിലുള്ള അഹങ്കാരികളായ നേതാക്കൾക്ക് ആഴത്തിലുള്ള വീഴ്ച ഉണ്ടാകും. സ്വേച്ഛാധിപതികളെയും അഹങ്കാരികളായ ഭരണാധികാരികളെയും അവരുടെ അധികാരത്തിന്റെ ഉന്നതിയിലായിരുന്നപ്പോൾ തന്നെ താഴെയിറക്കിയതായാണ് ചരിത്രത്തിലൂടനീളം നമുക്ക് കാണാൻ കഴിയുക. ട്രംപിനും ഇതേ രീതിയിൽ കനത്ത ശിക്ഷ നേരിടേണ്ടി വരും. ആ പതനം അനിവാര്യമാണ് എന്നും ഖമേനി സൂചിപ്പിച്ചു.
ഇറാനിലുടനീളം പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് പരമോന്നത നേതാവിന്റെ ഈ പരാമർശം. പ്രതിഷേധക്കാർക്ക് നേരെ ഇറാൻ നടപടി സ്വീകരിച്ചാൽ ഇറാനെതിരെ യു എസ് കഠിനമായ ആക്രമണങ്ങൾ നടത്തുമെന്നുള്ള ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഖമേനി പരസ്യ വിമർശനമുന്നയിച്ചത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും തീവ്രവാദ ഏജന്റുകളാണ് ഇറാനിലെ പ്രതിഷേധങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം ട്രംപിനെതിരെ ‘മഡുറോ മാതൃകയിൽ’ നടപടി സ്വീകരിക്കണമെന്ന് ഇറാനിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. വെനിസ്വേലയുടെ മുൻ നേതാവ് നിക്കോളാസ് മഡുറോയോട് പെരുമാറിയ അതേ രീതിയിൽ തന്നെ ഇറാൻ ട്രംപിനോടും പെരുമാറണമെന്ന് പ്രമുഖ ഭരണകൂട പ്രത്യയശാസ്ത്രജ്ഞനായ ഹസ്സൻ റഹിംപൂർ അസ്ഗാദി ആണ് പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാനിലെ വിവിധ മേഖലകളിലായി നടക്കുന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 63 പേരാണ് കൊല്ലപ്പെട്ടത്.









Discussion about this post