അബുദാബി: രാജ്യത്തെ വിമാനയാത്രികർക്ക് മുന്നറിയിപ്പുമായി യുഎഇ. കസ്റ്റംസ് നിയമങ്ങൾ കർശനമായി പാലിക്കണം എന്ന് യുഎഇ അറിയിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി യുഎഇ വിമാനത്താവളത്തിൽ യാത്രികരുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗൾഫ് കോർപ്പറേഷൻ കൗൺസിലിന്റെ കസ്റ്റംസ് നിയമങ്ങൾ കർശനമായി പാലിക്കണം എന്ന് അധികൃതർ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. നിയമം ലംഘിക്കുന്നവർക്ക് തടവും പിഴയുമായിരിക്കും ശിക്ഷയെന്നും അധികൃതർ അറിയിച്ചു.
60,000 ദിർഹം അഥവാ 13,66,355 രൂപയിലധികം വിമാനത്തിൽ സഞ്ചരിക്കുമ്പോൾ കയ്യിൽ കരുതാൻ പാടില്ല. ഈ തുകയേക്കാൾ വിലമതിപ്പുള്ള സാധനങ്ങളും കയ്യിൽ കരുതരുത്. സ്വർണം ഉൾപ്പെടെയുള്ള ലോഹങ്ങൾ കൊണ്ടുപോകാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി എന്നിവയുടെ അനുമതി വേണമെന്നും യുഎഇ അധികൃതർ വ്യക്തമാക്കി.
വിമാനയാത്രികർ കൈവശമുള്ള വസ്തുക്കളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ അധികൃതർക്ക് നൽകണം. അല്ലാത്ത പക്ഷം ഭീമമായ തുക പിഴയായി അടയ്‌ക്കേണ്ടിവരും. ജയിൽ ശിക്ഷയും ലഭിച്ചേക്കാം. സംഭവം കോടതിയിൽ എത്തിയാൽ വസ്തുക്കൾ കണ്ടുകെട്ടുന്ന സാഹചര്യവും ഉണ്ടാകും.
റേഡിയോ, ടിവി, സിഡി, സംഗീത ഉപകരണങ്ങൾ, ലാപ്‌ടോപ്പ്, ക്യാമറ തുടങ്ങിയ വസ്തുക്കൾ നികുതിയില്ലാതെ യാത്രികർക്ക് കൊണ്ടുപോകാം. യാത്രക്കാർ കയ്യിൽ കരുതുന്ന വസ്തുക്കളുടെ മൂല്യങ്ങൾ ഒരിക്കലും മൂവായിരം ദിർഹം കവിയരുത്. മയക്കുമരുന്ന്, പന്നി വർഗ്ഗത്തിൽപ്പെട്ട മൃഗങ്ങൾ, ആനക്കൊമ്പ്, വെറ്റില, മറ്റ് പാൻ വസ്തുക്കൾ എന്നിവ യുഎഇയിലെ നിയമ പ്രകാരം നിരോധിത വസതുക്കളാണ്. അതിനാൽ യാത്രാ വേളയിൽ ഇത്തരം വസ്തുക്കൾ കയ്യിൽ സൂക്ഷിക്കാതിരിക്കുക.
Discussion about this post