തിരുവനന്തപുരം: അന്തരീക്ഷ വായു വലിച്ചെടുത്തു പറക്കാൻ കഴിവുള്ള ഐഎസ്ആർഒയുടെ സ്‌ക്രാംജെറ്റ് റോക്കറ്റ് എൻജിന്റെ പരീക്ഷണം വിജയം. ഇതോടെ സ്‌ക്രാംജെറ്റ് എൻജിൻ ഉപയോഗിച്ച് പറക്കൽ പരീക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.അമേരിക്ക, റഷ്യ, ജപ്പാൻ എന്നിവരാണ് ഈനേട്ടമുള്ള മറ്റ് രാജ്യങ്ങൾ. തിങ്കളാഴ്ച രാവിലെ 7.30 ന് ശ്രീഹരിക്കോട്ടയിൽ നടന്ന പരീക്ഷണം വിജയമായെന്ന് ഐഎസ്ആർഒ അറിയിച്ചു.
രോഹിണി 560 (ആർഎച്ച്560) സൗണ്ടിങ് റോക്കറ്റിന്റെ ഇരുവശങ്ങളിലായി പ്രൊപ്പൽഷൻ ഘടിപ്പിച്ച് അഡ്വാൻസ്ഡ് ടെക്‌നോളജി വെഹിക്കിൾ (എടിവി) ആയി രൂപമാറ്റം വരുത്തിയാണ് സാങ്കേതികവിദ്യ പരീക്ഷിച്ചത്. ശബ്ദത്തെക്കാൾ ആറിരട്ടി വേഗതയിലാണ് എ.ടി.വി റോക്കറ്റ് (അഡ്വാൻസ്ഡ് ടെക്‌നോജളിക്കൽ വെഹിക്കിൾ) ഓക്‌സിജൻ ശ്വസിച്ച് കുതിച്ചത്. ഭൗമാന്തരീക്ഷത്തിന്റെ അതിരുവരെ പോയ റോക്കറ്റ് നിർദ്ദിഷ്ട 110 മാനദണ്ഡങ്ങളും വിജയകരമായി പൂർത്തിയാക്കി. ഇതോടെ ഇന്ത്യ ശ്വസിച്ചു പറക്കാവുന്ന റോക്കറ്റ് വിജയിപ്പിക്കുന്ന നാലാമത്തെ രാജ്യവുമായി.
ഇന്ധനം നിറയ്ക്കാനുള്ള ടാങ്കും അത് ജ്വലിപ്പിക്കാനുള്ള ഓക്‌സികാരിയുമുൾപ്പെടെ രണ്ട് ടാങ്കുകളാണ് സാധാരണ റോക്കറ്റിലുണ്ടാകുക. എ.ടി.വി റോക്കറ്റിൽ ഹൈഡ്രജനാണ് പ്രധാന ഇന്ധനം. അന്തരീക്ഷത്തിൽ നിന്ന് ശ്വസിക്കുന്ന ഓക്‌സിജനുപയോഗിച്ച് 70 കിലോമീറ്റർ ഉയരത്തിൽ വരെ എ.ടി.വി പറന്നു. ഭൂമിയുടെ ഭൗമാന്തരീക്ഷം കഴിയും വരെയേ ഇതുപയോഗിക്കാനാകൂ.റോക്കറ്റ് ശബ്ദാതിവേഗത്തിലേക്ക് (ഹൈപ്പർസോണിക്) എത്തുമ്പോൾ വലിച്ചെടുക്കുന്ന വായുവിലെ ഓക്‌സിജനെ റോക്കറ്റിന്റെ വേഗം കൊണ്ടുണ്ടാകുന്ന മർദം ഉപയോഗിച്ച് കംപ്രസ് ചെയ്ത്, ഓക്‌സിഡൈസർ ആയി മാറ്റും. ഹൈഡ്രജൻ ഇന്ധനം കത്താൻ ഇതു സഹായിക്കും.
Discussion about this post