ശ്രീനഗർ: നാല് ജീവനക്കാരെ സർക്കാർ ജോലിയിൽ നിന്നും പിരിച്ചുവിട്ട് ജമ്മു കശ്മീർ ഭരണകൂടം. ഭീകരരുമായി ബന്ധമുള്ളതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇവരെ പിരിച്ചുവിട്ടത്. ഭീകരരുമായി ബന്ധമുള്ള ജീവനക്കാർക്കെതിരെ വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് അധികൃതർ അറിയിച്ചു.
പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. രണ്ട് പോലീസ് കോൺസ്റ്റബിൾമാർ, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരൻ, റൂറൽ ഡെവലപ്‌മെന്റ് വകുപ്പിലെ ജീവനക്കാരൻ എന്നിവർക്കാണ് ജോലി നഷ്ടമായത്. ഇവരുടെ ദേശവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് അവർ നിരീക്ഷണത്തിലായിരുന്നു വ്യക്തമായ തെളിവുകൾ നൽകിയതോടെ ഇവർക്ക് നോട്ടീസ് നൽകുകയായിരുന്നു.
സർവ്വീസിൽ നിന്നും പുറത്താക്കപ്പെട്ട കോൺസ്റ്റബിൽ ഇംതിയാസ് അഹമ്മദ് ഭീകരർക്ക് ആയുധങ്ങൾ എത്തിച്ച് നൽകിയ വ്യക്തിയാണ്. ഇതിന് പുറമേ ഇയാൾ ഭീകരർക്ക് താമസിക്കാൻ സഹായം ഉൾപ്പെടെ നൽകിയിരുന്നുവെന്നാണ് കണ്ടെത്തൽ.
വിദ്യാഭ്യാസ വകുപ്പിലെ ജൂനിയർ അസിസ്റ്റന്റ് ആയ ബാസിൽ അഹമ്മദിന് ലഹരിഇടപാടുകാരുമായി ബന്ധമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ വഴിയാണ് ഭീകരരുമായി ഇയാൾ ബന്ധം സ്ഥാപിച്ചത്. പോലീസ് കോൺസ്റ്റബിൾ ആയ മുസ്താഖ് അഹമ്മദിന് നാർകോ- ടെറർ സംഘങ്ങളുമായി ബന്ധമുണ്ട്. റൂറൽ ഡെവവപ്‌മെന്റ് വകുപ്പിലെ ജീവനക്കാരൻ ആയ മൊഹ്ദ് സെയ്ദിനും നാർക്കോ ടെറർ ഗ്രൂപ്പുകളുമായി ബന്ധമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post