ലക്‌നൗ: അലിഗഢ് മുസ്ലീം സർവ്വകലാശാലയ്ക്കുള്ളിൽ വെടിവയ്പ്പ്. സംഭവത്തിൽ സർവ്വകലാശാലയിലെ ജീവനക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
സഹോദരങ്ങളും ഓഫീസ് ജീവനക്കാരുമായ മുഹമ്മദ് നദീം, മുഹമ്മദ് കലീം എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് പോലീസ് എത്തി ഇവരുടെ മൊഴിയെടുക്കും.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- ഇന്നലെ രാത്രി പുറത്തുപോയ ഇരുവരും ക്യാമ്പസിലേക്ക് വരികയായിരുന്നു. ഇതിനിടെ രണ്ടംഗ സംഘം മറ്റൊരു ബൈക്കിൽ ഇവരെ പിന്തുടർന്ന് എത്തി. ഇവരുടെ അടുക്കൽ എത്തിയപ്പോൾ അക്രമി സംഘം കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. സംഭവം സമയം അവിടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ ആണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.
അതേസമയം സംഭവത്തിൽ പ്രതികളായ രണ്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പട്രോളിംഗ് സംഘം പിടികൂടുകയായിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം ആയത് എന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായവരിൽ ഒരാൾ നേരത്തെ നദീമിന്റെ വീട്ടിൽ അതിക്രമിച്ച് എത്തി മകളെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. ഇതിൽ നദീം പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിലുള്ള വൈരാഗ്യം ആണ് സംഭവത്തിന് പിന്നിൽ എന്നാണ് വിലയിരുത്തൽ.
Discussion about this post