ബംഗളൂരു : കർണാടകയിലെ ഷിരൂരിൽ മലയിടിച്ചിലിനെ തുടർന്നുണ്ടായ അപകടത്തിൽ കാണാതായിരുന്ന തമിഴ്നാട് ഡ്രൈവർ ശരവണൻ മരിച്ചതായി തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കരയിൽ നടന്ന പരിശോധനയിൽ മണ്ണിനടിയിൽ നിന്നും ലഭിച്ചിരുന്ന ശരീരഭാഗം ശരവണന്റേത് ആണ് എന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഡിഎൻഎ പരിശോധന ഫലം പുറത്തുവന്നതയോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശരവണൻ ഓടിച്ചിരുന്ന പെട്രോൾ ടാങ്കറിന്റെ ടാങ്ക് ഭാഗം നേരത്തെ പുഴയിൽ നിന്നും കണ്ടെത്തിയിരുന്നു.
ഷിരൂരിലെ അപകടത്തിൽ കാണാതായിരുന്ന കോഴിക്കോട് സ്വദേശിയായ അർജുനും അദ്ദേഹം ഓടിച്ചിരുന്ന ട്രക്കിനും വേണ്ടി നടത്തിയ തിരച്ചിലിനിടയിൽ ആയിരുന്നു കരഭാഗത്തെ മണ്ണ് മാറ്റുന്നതിനിടയിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നത്. ഈ മൃതദേഹ അവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അർജുനായുള്ള തിരച്ചിൽ നടത്തുന്നതിനോടൊപ്പം തന്നെ ശരവണന് വേണ്ടിയും തട്ടുകട ഉടമസ്ഥന്റെ കുടുംബത്തിലെ ബന്ധുവായ ജഗന്നാഥന് വേണ്ടിയും തിരച്ചിൽ നടന്നിരുന്നു. തമിഴ്നാട് സ്വദേശിയായ ശരവണനെ അന്വേഷിക്കുന്നതിനായി അദ്ദേഹത്തിന്റെ അമ്മയും ഷിരൂരിൽ എത്തിച്ചേർന്നിരുന്നു. തുടർന്ന് പോലീസ് നടത്തിയ ഡിഎൻഎ പരിശോധനയിൽ മണ്ണിനടിയിൽ നിന്നും ലഭിച്ച ശരീരത്തിന്റെ അവശിഷ്ടം ശരവണന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു.
Discussion about this post