ശ്രീനഗർ: അഗ്നിപഥ് പദ്ധതിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അഗ്നിപഥിനെതിരെ പ്രതിപക്ഷം നിരന്തരം വിമർശിക്കുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സൈനികരെ അവർ ശ്രദ്ധിക്കുന്നില്ലെന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർഗിൽ യുദ്ധ സ്മരണകളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവർ തന്നെയാണ് റാങ്ക് വൺ പെൻഷനെ കുറിച്ച് നുണ പ്രചരിപ്പിച്ചത്. റാങ്ക് വൺ പെൻഷൻ പ്രഖ്യാപിച്ചതും വിരമിച്ച സൈനികർക്ക് 1.25 ലക്ഷം കോടി രൂപ നൽകിയത് തങ്ങളുടെ സർക്കാരാണ്. ഇവർ തന്നെയാണ് ഒരു യുദ്ധ സ്മാരകം നിർമിക്കാതിരുന്നത്. അതിർത്തിയിൽ വിന്യസിച്ചിരുന്ന ജവാന്മാർക്ക് ആവശ്യമുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പോലും നലകാതിരുന്നതും ഇവർ തന്നെയാണ്. നമ്മുടെ സൈന്യത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചതും ഇവർ തന്നെയാണെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പിന്നാലെയുള്ള ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും വികസനത്തെ കുറിച്ചും മോദി വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം, ലഡാക്കിലെയും ജമ്മു കശ്മീരിലെയും ടൂറിസം മേഖലയും അതിവേഗം വളരുകയാണ്. ദശാബ്ദങ്ങൾക്ക് ശേഷം ജമ്മു കശ്മീരിൽ ഒരു സിനിമാ ഹാൾ തുറന്നു. മൂന്നര പതിറ്റാണ്ടുകൾക്ക് ശേഷം, ആദ്യമായി താസിയ ഘോഷയാത്ര ശ്രീനഗറിൽ നടന്നു. ഭൂമിയിലെ സ്വർഗം സമാധാനത്തിലേയ്ക്കും ഐക്യത്തിലേയ്ക്കും അതിവേഗം നീങ്ങുകയാണ്.
Discussion about this post