പാരിസ് : 2024ലെ ഒളിമ്പിക്സിന്റെ ആവേശത്തിലാണ് പാരിസ് നഗരം. എന്നാൽ ഈ ആവേശങ്ങൾക്കിടയിൽ ഏറെ ആശങ്കയോടെ നിൽക്കുന്ന ഒരു വിഭാഗം ഉണ്ട്. മറ്റാരുമല്ല ഫ്രഞ്ച് പോലീസ് ആണ് അത്. കാരണം ഒളിമ്പിക്സ് ആവേശങ്ങൾക്കിടയിൽ തന്നെ പാരീസിൽ കൊള്ള സംഘങ്ങളും വ്യാപകമായിരിക്കുകയാണ്. ഒളിമ്പിക്സ് മത്സരങ്ങൾ കാണാനായി എത്തുന്ന അന്താരാഷ്ട്ര കായിക താരങ്ങൾ വരെ പാരിസ് നഗരത്തിൽ കൊള്ളയടിക്കപ്പെടുകയാണ്.
ഏറ്റവും ഒടുവിലായി ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം സീക്കോ ആണ് പാരീസിലെ കൊള്ളക്കാരുടെ ഇരയായത്. പണവും വാച്ചുകളും ഡയമണ്ട് ആഭരണങ്ങളും അടക്കം നാലരക്കോടി രൂപയുടെ വസ്തുക്കളാണ് സീക്കോയിൽ നിന്നും കൊള്ളക്കാർ അടിച്ചുമാറ്റിയത്. താരം സഞ്ചരിച്ചിരുന്ന കാറിൽ നിന്നുമാണ് ബാഗ് കൊള്ളക്കാർ കവർന്നത്.
ബ്രസീൽ ഒളിമ്പിക്സ് ടീമിന്റെ അതിഥി ആയാണ് സീക്കോ പാരിസ് നഗരത്തിൽ എത്തിയിരുന്നത്. കാറിൽ സഞ്ചരിക്കുന്നതിനിടെ കാർ നിർത്തിയിട്ട സമയത്ത് കൊള്ളസംഘം ഇദ്ദേഹത്തെ സമീപിക്കുകയും ബാഗ് അടക്കമുള്ള വസ്തുക്കൾ കൊള്ളയടിക്കുകയും ആയിരുന്നു. 5 മില്യൻ യൂറോ വില വരുന്ന വസ്തുവകകളാണ് ഈ ബാഗിൽ ഉണ്ടായിരുന്നത് എന്ന് സീക്കോ വ്യക്തമാക്കുന്നു. ഫ്രഞ്ച് പോലീസിൽ പരാതി നൽകിയതായും സീക്കോ വ്യക്തമാക്കി.
കഴിഞ്ഞദിവസം പാരീസ് ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്യാൻ എത്തിയ ചാനൽ നയനിന്റെ മാദ്ധ്യമ സംഘവും കവർച്ചയ്ക്ക് ഇരയായിരുന്നു. കവർച്ചാ ശ്രമത്തിനിടെ കൊള്ളസംഘം മാദ്ധ്യമ സംഘത്തിലെ രണ്ട് ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. ഇങ്ങനെ തുടർച്ചയായി നിരവധി സ്ഥലങ്ങളിൽ നിന്നുമാണ് പാരിസ് നഗരത്തിൽ കൊള്ളകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Discussion about this post