കഴിഞ്ഞ ഏതാനും നാളുകൾ ശ്രേയസ് അയ്യരെ സംബന്ധിച്ച് ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു. ബിസിസിഐ കരാർ നഷ്ടമായ താരം എങ്ങനെ ടീമിലേക്ക് മടങ്ങിയെത്തി എന്നത് ഒരു സിനിമാക്കഥ പോലെ ആവേശകരമാണ്. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്ടിൽ നിന്ന് ശ്രേയസ് ഒരിക്കൽ പുറത്തായി. പിന്നാലെ ഇന്ത്യൻ ടി20 ടീമിലെ സ്ഥാനവും നഷ്ടമായി.
എന്നാൽ അവിടം കൊണ്ട് ഒന്നും അയാൾ തളർന്നില്ല. ഐപിഎൽ 2024-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ചുകൊണ്ട് അയ്യർ തന്റെ മറുപടി നൽകി. തൊട്ടുപിന്നാലെ ആഭ്യന്തര ടി20 ടൂർണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മുംബൈയെ ചാമ്പ്യന്മാരാക്കി. ഐപിഎൽ 2025-ലും തന്റെ ടീമായ പഞ്ചാബിനെ ഫൈനലിലെത്തിച്ച് മികച്ച ക്യാപ്റ്റനെന്ന് അദ്ദേഹം ഒരിക്കൽ കൂടി തെളിയിച്ചു.
പതുക്കെ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് മികച്ച പ്രകടനത്തോടെ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ തുടങ്ങി. ഈ തകർപ്പൻ പ്രകടനങ്ങൾ ബിസിസിഐയെ മാറി ചിന്തിപ്പിച്ചു. ഒടുവിൽ നഷ്ടപ്പെട്ട ബിസിസിഐ കരാർ അയ്യർക്ക് തിരിച്ചുലഭിച്ചു. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടംനേടിക്കൊണ്ട് തന്റെ രണ്ടാം വരവ് ആഘോഷിക്കുകയാണ് അയ്യർ.
ഒരേസമയം ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാനും തകർപ്പൻ അടികൾ പുറത്തെടുക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് ടി20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് വലിയ മുതൽക്കൂട്ടാണ്.













Discussion about this post