വയനാട് പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ അയൽവാസിയുടെ ആസിഡ് ആക്രമണം. പ്രിയദർശിനി ഉന്നതിയിലെ 14 വയസ്സുകാരിക്ക് നേരെയാണ് അതിക്രൂരമായ ആക്രമണം ഉണ്ടായത്. സംഭവത്തിൽ അയൽവാസിയായ രാജു ജോസ് (55) എന്നയാളെ പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പെൺകുട്ടിയുടെ കണ്ണിനടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിഫോം നൽകാത്തതിലുള്ള പ്രകോപനമാണ് ക്രൂരമായ ആക്രമണത്തിൽ കലാശിച്ചത്. പ്രതി പെൺകുട്ടിയോട് യൂണിഫോം ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് നൽകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പോലീസ് പറയുന്നു.
ആക്രമണത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ വെള്ളിയാഴ്ച രാത്രി തന്നെ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, കണ്ണിനേറ്റ പരിക്ക് ഗുരുതരമായതിനാലും വിദഗ്ധ ചികിത്സ ആവശ്യമായതിനാലും കുട്ടിയെ ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പെൺകുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച പ്രതി രാജു ജോസിനെ പുൽപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്.പെൺകുട്ടിയുടെ സ്റ്റുഡന്റ് പോലീസ് യൂണിഫോം പ്രതി ആവശ്യപ്പെട്ടിരുന്നു. യൂണിഫോം എന്തിനാണ് ഇയാൾ ആവശ്യപ്പെട്ടത് എന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.പ്രതിക്കെതിരെ വധശ്രമം, ആസിഡ് ആക്രമണം, പോക്സോ (POCSO) അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്നാണ് സൂചന. നാടിനെ നടുക്കിയ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനുണ്ടെന്നും വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പുൽപ്പള്ളി പോലീസ് അറിയിച്ചു. കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.












Discussion about this post