കൊളംബോ : ശ്രീലങ്കയിലെ ജാഫ്നയിലെ കാങ്കേശന്തുറൈ (കെകെഎസ്) തുറമുഖത്തിന്റെ വികസനം ഇന്ത്യയുടെ സഹായത്തോടെ നടപ്പിലാക്കുമെന്ന് ശ്രീലങ്കൻ പ്രസിഡണ്ട് അനുര കുമാര ദിസനായകെ. തുറമുഖം നവീകരിക്കുന്നതിന് ഇന്ത്യ 60 മില്യൺ യുഎസ് ഡോളർ (ഏകദേശം 500 കോടി രൂപ) നൽകാൻ സമ്മതിച്ചതായി അദ്ദേഹം അറിയിച്ചു.
ന്യൂനപക്ഷ തമിഴ് സമൂഹത്തിന്റെ സാംസ്കാരിക തലസ്ഥാനമായ ജാഫ്നയ്ക്ക് സമീപമുള്ള ഒരു പരിപാടിയിൽ സംസാരിക്കവെയാണ് ദിസനായകെ ഇക്കാര്യം അറിയിച്ചത്. മനോഹരമായ തീരപ്രദേശവും നിരവധി ആകർഷണങ്ങളും കാരണം ജാഫ്ന ജില്ലയ്ക്ക് ടൂറിസം വികസനത്തിന് വളരെയധികം സാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തുറമുഖ അടിസ്ഥാന സൗകര്യങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് ഇന്ത്യ ഈ പദ്ധതിയിൽ പങ്കാളിയാകുന്നതിന്റെ പ്രാഥമിക ലക്ഷ്യമെന്നും ശ്രീലങ്കൻ പ്രസിഡണ്ട് വ്യക്തമാക്കി. തുറമുഖം ഡ്രഡ്ജ് ചെയ്യൽ, പുതിയ ബ്രേക്ക്‌വാട്ടറുകളുടെ നിർമ്മാണം, കപ്പൽ നീക്കത്തിനായി ഒരു ആധുനിക ടെർമിനൽ എന്നിവയ്ക്കായാണ് ഇന്ത്യയുടെ സാമ്പത്തിക സഹായം. ഈ തുറമുഖത്തിന്റെ വികസനം ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള ഫെറി സർവീസുകൾക്കും ക്രൂയിസ് ടൂറിസത്തിനും വ്യാപാരത്തിനും ഉത്തേജനം നൽകുമെന്നും ദിസനായകെ അറിയിച്ചു.
ഇന്ത്യയിലെ നാഗപട്ടണം, കാരക്കൽ തുറമുഖങ്ങൾക്ക് വളരെ അടുത്താണ് ജാഫ്നയിലെ കാങ്കേശന്തുറൈ തുറമുഖം. തുറമുഖത്തിന്റെ വികസനവും നവീകരണവും സാധ്യമാകുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ദൂരം കുറയ്ക്കും. ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിനിടയിൽ, വടക്കൻ ശ്രീലങ്കയിൽ ഇന്ത്യയുടെ ഈ സജീവ പങ്കാളിത്തം തന്ത്രപരമായ വീക്ഷണകോണിൽ നിന്ന് വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു.











Discussion about this post