ഇറാന്റെ മണ്ണിൽ ആഭ്യന്തര കലാപം ആഞ്ഞടിക്കുമ്പോൾ, സ്വന്തം പൗരന്മാരെ സുരക്ഷിതമായി മാതൃരാജ്യത്ത് എത്തിച്ച് ഇന്ത്യ വീണ്ടും മാതൃകയാകുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെത്തുടർന്ന് ഇറാൻ വിട്ട ആദ്യ ബാച്ച് ഇന്ത്യക്കാർ വെള്ളിയാഴ്ച രാത്രി വൈകി ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. വിദ്യാർത്ഥികളും തീർത്ഥാടകരും വ്യാപാരികളും ഉൾപ്പെടെയുള്ളവരാണ് മടങ്ങിയെത്തിയത്.
ആശങ്കയുടെയും ആശ്വാസത്തിന്റെയും നിമിഷങ്ങൾക്കായിരുന്നു വിമാനത്താവളത്തിന്റെ ആഗമന കവാടം സാക്ഷ്യം വഹിച്ചത്. ദിവസങ്ങളോളം ഉറ്റവരുമായി ബന്ധപ്പെടാൻ കഴിയാതിരുന്ന ബന്ധുക്കൾ കണ്ണീരോടെയാണ് പ്രിയപ്പെട്ടവരെ സ്വീകരിച്ചത്.
‘മോദി ജി ഹേ തോ ഹർ ചീസ് മുംകിൻ ഹേ’ തിരിച്ചെത്തിയ ഓരോ ഇന്ത്യക്കാരന്റെയും നാവിലുണ്ടായിരുന്നത് ഭാരത സർക്കാരിനോടും പ്രധാനമന്ത്രിയോടുമുള്ള നന്ദിയായിരുന്നു. “അവിടെ സാഹചര്യം വളരെ മോശമാണ്. എന്നാൽ ഭാരത സർക്കാരും എംബസിയും ഞങ്ങളെ നിരന്തരം സഹായിച്ചു. മോദി ജി ഉള്ളപ്പോൾ എല്ലാം സാധ്യമാണ്,” ഡൽഹിയിൽ ഇറങ്ങിയ ഒരു ഇന്ത്യൻ പൗരൻ വൈകാരികമായി പ്രതികരിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയായി ഇറാനിൽ സ്ഥിതി അതീവ ഗുരുതരമാണ്. വാഹനങ്ങൾക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിയുന്നതും റോഡുകൾ ഉപരോധിക്കുന്നതും പതിവായി.ഇന്റർനെറ്റ് പൂർണ്ണമായും വിച്ഛേദിച്ചതോടെ വീട്ടുകാരുമായി ബന്ധപ്പെടാൻ പോലും സാധിച്ചിരുന്നില്ല. എംബസി അധികൃതർ നേരിട്ട് ഇടപെട്ടാണ് പലർക്കും വിവരങ്ങൾ കൈമാറിയത്. ടെഹ്‌റാനിലെ ഗ്രാന്റ് ബസാറിൽ തുടങ്ങിയ പ്രതിഷേധം രാജ്യം മുഴുവൻ പടരുകയാണ്. ആഹാരത്തിനും വെള്ളത്തിനും പോലും ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയെന്ന് മടങ്ങിയെത്തിയവർ പറയുന്നു.
ഇറാനിൽ നിലവിൽ ഒമ്പതിനായിരത്തിലധികം ഇന്ത്യക്കാരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ടെഹ്‌റാൻ, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഒഴിപ്പിക്കലിൽ മുൻഗണന നൽകുന്നത്.വാണിജ്യ വിമാനങ്ങൾ ലഭ്യമല്ലാത്ത പക്ഷം ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ അയക്കാൻ സർക്കാർ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും അവിടെയുള്ളവർ ജാഗ്രത പാലിക്കാനും വിദേശകാര്യ മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.













Discussion about this post