പാരിസ് : ഒളിമ്പിക്സ് മത്സരങ്ങളിൽ ഹിജാബ് ധരിച്ചുകൊണ്ട് പങ്കെടുക്കണമെന്ന ഫ്രഞ്ച് താരത്തിന്റെ ആവശ്യം തള്ളി ഫ്രാൻസിലെ ഒളിമ്പിക് കമ്മിറ്റി. ഫ്രാൻസിന്റെ റിലേ താരം ആയ സുൻകാംബ സില ആണ് സംഭവത്തിൽ പരാതിയുമായി രംഗത്തെത്തിയത്. സ്വന്തം രാജ്യത്ത് നടക്കുന്ന ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പോലും ഹിജാബ് ധരിക്കാൻ കഴിയാത്തതിന്റെ പേരിൽ തനിക്ക് മാറി നിൽക്കേണ്ടി വരുന്നു എന്നാണ് സില പരാതിപ്പെട്ടിരുന്നത്.
ഫ്രാൻസിലെ പൊതുമേഖല തൊഴിലാളികൾക്ക് ബാധകമാകുന്ന തരത്തിലുള്ള മതേതര തത്വങ്ങൾ ഫ്രഞ്ച് ഒളിമ്പ്യന്മാർക്കും ബാധകമാണ് എന്നാണ് വിഷയത്തിൽ ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റി പ്രതികരിച്ചിരിക്കുന്നത്. കായിക മത്സരങ്ങളിൽ ഫ്രാൻസിനെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങൾ ശിരോവസ്ത്രം ഉൾപ്പെടെയുള്ള മത ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നത് വിലക്കുമെന്ന് ഫ്രഞ്ച് കായിക മന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
സുൻകാംബ സിലയുടെ പരാതി പരിഗണിച്ച ഫ്രഞ്ച് കായിക മന്ത്രാലയവും ഫ്രഞ്ച് അത്‌ലറ്റിക് ഫെഡറേഷനും ഹിജാബ് വിലക്കുമെന്ന നടപടിയിൽ ഉറച്ചുനിന്നു. മറ്റു രാജ്യത്തു നിന്നുമുള്ള കായിക താരങ്ങൾക്ക് ഈ വിലക്ക് ഇല്ലെങ്കിലും ഫ്രാൻസിനെ പ്രതിനിധീകരിക്കുന്നവർക്ക് യാതൊരുവിധ മത ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ അനുമതി ഉണ്ടായിരിക്കുന്നതല്ല എന്ന് കായിക മന്ത്രാലയം അറിയിച്ചു. തുടർന്ന് സിലയുമായി ഫ്രഞ്ച് കായിക മന്ത്രാലയവും പാരിസ് ഒളിമ്പിക് കമ്മിറ്റിയും നടത്തിയ ചർച്ചയെ തുടർന്ന് ആവശ്യമെങ്കിൽ തൊപ്പി ധരിച്ചുകൊണ്ട് പങ്കെടുക്കാം എന്ന തീരുമാനത്തിൽ എത്തിയിട്ടുണ്ട്. ഈ നിർദ്ദേശത്തിന് സില വഴങ്ങിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post