കണ്ണൂർ : വൻ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് കണ്ണൂരിലെ കെഎസ്ഇബി. കഴിഞ്ഞദിവസം ജില്ലയുടെ ചില ഭാഗങ്ങളിൽ ഉണ്ടായ മിന്നൽ ചുഴലി ആണ് കെഎസ്ഇബിക്ക് കനത്ത നഷ്ടം ഉണ്ടാക്കിയിരിക്കുന്നത്. ആറ് കോടിയിലേറെ രൂപയാണ് മിന്നൽ ചുഴലി മൂലം കെഎസ്ഇബിക്ക് നഷ്ടം വന്നിരിക്കുന്നത്.
മിന്നൽ ചുഴലി ഉണ്ടായ വിവിധ മേഖലകളിലായി 204 ഹൈടെൻഷൻ പോസ്റ്റുകളും 880 ലോ ടെൻഷൻ പോസ്റ്റുകളും ആണ് തകർന്നു വീണിട്ടുള്ളത്. കണ്ണൂർ ജില്ലയിലെ 1900 ട്രാൻസ്ഫോമറുകൾ നിലവിൽ വൈദ്യുതി എത്തിക്കാനാവാതെ പ്രവർത്തനരഹിതമായിരിക്കുകയാണ്. പ്രളയകാലത്ത് ഉണ്ടായതിനേക്കാൾ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത് എന്നാണ് വിലയിരുത്തൽ.
മിന്നൽ ചുഴലിയിൽ കണ്ണൂരിലെ 2200 സ്ഥലങ്ങളിലാണ് വൈദ്യുതി ലൈനുകൾ മുറിഞ്ഞുവീണത്. ഇതോടെ മൂന്ന് ലക്ഷത്തോളം ഉപഭോക്താക്കളാണ് ഇരുട്ടിൽ ആയത്. മുൻപ് ഒരിക്കലും ഒറ്റ ദിവസം കൊണ്ട് ഇത്രത്തോളം വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.
Discussion about this post