കാസർകോട് ; മാട്രിമോണി സൈറ്റിലൂടെ കബളിപ്പിച്ച് യുവാവിൽ നിന്ന് പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ. ചെമ്മനാട് സ്വദേശിയായ ശ്രുതി ചന്ദ്രശേഖരനെയാണ് (42) ഉഡുപ്പിയിൽ നിന്ന് പിടികൂടിയത്. പൊയിനാച്ചി സ്വദേശിയായ യുവാവിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പൊയിനാച്ചി സ്വദേശിയായ യുവാവിൽ നിന്നും ഒരു ലക്ഷം രൂപയും ഒരു പവന്റെ മാലയുമാണ് തട്ടിയത്.
മാട്രിമോണി സൈറ്റ് വഴി ഐഎസ്ആർഒയിലെ ജീവനക്കാരിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവാവിനെ ഇവർ വലയിലാക്കിയത്. ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം പണം കൈക്കലാക്കി. എന്നാൽ തട്ടിപ്പ് തിരിച്ചറിഞ്ഞ് പണം തിരികെ ചോദിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ ഉന്നതബന്ധം ഉപയോഗിച്ച് കേസിൽപ്പെടുത്തുമെന്ന് പറഞ്ഞ് യുവതി ഇയാളെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ശ്രുതിക്കെതിരെ ജൂൺ 21നാണ് യുവാവ് പരാതി നൽകിയത്. ഇതോടെ ഒളിവില പോയ യുവതിക്കായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. വെളളിയാഴ്ച ശ്രുതിക്ക് കാസർകോട് ജില്ലാ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഇതോടെയാണ് തട്ടിപ്പുകാരിയായ യുവതിയെ പിടികൂടിയത്.
ശ്രുതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.
യുവതിയുടെ പേരിൽ സമാനമായ നിരവധി കേസുകളുണ്ട്. മാട്രിമോണി സൈറ്റിൽ വരനെ ആവശ്യമുണ്ടെന്ന് പോസ്റ്റ് ചെയ്ത ശേഷം ബന്ധപ്പെടുന്ന യുവാക്കളുമായി സൗഹൃദം സ്ഥാപിച്ചാണ് ശ്രുതി തട്ടിപ്പുകൾ തുടർന്നിരുന്നത്. പിന്നീട് യുവാക്കളിൽ നിന്ന് പണവും സ്വർണവും ആവശ്യപ്പെടും. പോലീസുകാരും ഇവരുടെ കെണിയിൽ പെട്ടിട്ടുണ്ടെന്നാണ് വിവരം. വിശദമായ ചോദ്യംചെയ്യലിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ.
Discussion about this post