തിരുവനന്തപുരം : സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിലും ഇനി പണമിടപാടുകൾക്ക് ഇ-പോസ് മെഷീൻ ഉപയോഗിക്കും. നടപടിക്രമങ്ങളിലെ സുതാര്യതയും കണക്കുകളിലെ കൃത്യതയും ഉറപ്പുവരുത്താനാണ് സബ് രജിസ്ട്രാർ ഓഫീസുകളിൽ ഇ-പോസ് മെഷീൻ വഴിയുള്ള പണമിടപാടുകൾ ഏർപ്പെടുത്തുന്നത്. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
പണമിടപാടുകൾക്ക് സമയ ലാഭവും വേഗത്തിലും കൃത്യതയോടെയും നടക്കുകയും ചെയ്യുന്നതിന് ഇ-പോസ് മെഷീൻ ഉപയോഗം വഴി സഹായകരമാകും എന്ന് യോഗത്തിൽ വിലയിരുത്തപ്പെട്ടു. ഓഫീസുകളിൽ നൽകേണ്ട ഫീസും മറ്റു ചെലവുകളും എളുപ്പത്തിൽ കണക്കുകൂട്ടുന്നതിനും ഇടപാടുകൾക്ക് ഒരു കേന്ദ്രീകൃത സ്വഭാവം വരുന്നതിനും ഇ-പോസ് മെഷീനുകൾ വഴിയുള്ള ഡിജിറ്റൽ നടപടിക്രമങ്ങൾ വഴി സാധിക്കും എന്നാണ് രജിസ്ട്രേഷൻ വകുപ്പ് വ്യക്തമാക്കുന്നത്.
കൂടാതെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ബയോമെട്രിക് സംവിധാനങ്ങൾ ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ഇ-സ്റ്റാമ്പിങ് നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കാനും രജിസ്ട്രേഷൻ വകുപ്പിന്റെ യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്നു മുതൽ ഉള്ള എല്ലാ രജിസ്ട്രേഷൻ നടപടികളും സമ്പൂർണ്ണമായി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറ്റാനാണ് തീരുമാനിച്ചിട്ടുള്ളത്.
Discussion about this post