പത്തനംതിട്ട: ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ മുന്നോട്ട് വയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ പോലും നഴ്സിംഗ് കോളേജിൽ ഒരുക്കി തരാത്തതിനാൽ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെതിരെ സമരം പ്രഖ്യാപിച്ച് പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ. ഹോസ്റ്റൽ സൗകര്യം അടക്കം ഇല്ലാത്തതിനാൽ സാമ്പത്തിക ബാധ്യത വന്ന പട്ടികവർഗ്ഗ വിദ്യാർത്ഥിനി പഠനം നിർത്തിപ്പോയ സാഹചര്യത്തിലാണ് സമരം.
തിങ്കളാഴ്ച രാവിലെ കോളേജിൽ നിന്ന് തുടങ്ങി ജനറൽ ആശുപത്രി വഴി മന്ത്രിയുടെ പത്തനംതിട്ടയിലെ ഓഫീസിലേക്കാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. ഇതിനെ തുടർന്ന് പ്രതിപക്ഷ യുവജന സംഘടനകളും നഴ്സിംഗ് കോളേജ് വിഷയം ഏറ്റെടുത്ത് സമരത്തിനിറങ്ങിയിരിന്നു.
ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകാരം ലഭിക്കുമെന്ന് പറഞ്ഞ് പറ്റിച്ചാണ് കഴിഞ്ഞ വർഷം ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ സർക്കാർ നഴ്സിംഗ് കോളേജ് പ്രവർത്തനം തുടങ്ങിയത്. എന്നാൽ അംഗീകാരമില്ലെന്ന കാരണം പറഞ്ഞ് ആരോഗ്യ സർവകലാശാല പരീക്ഷാ ഫലം തടഞ്ഞു വയ്ക്കുകയായിരുന്നു. ഇതും വിദ്യാർത്ഥികളെ ആശങ്കപ്പെടുത്തുന്നുണ്ട്.
Discussion about this post