എറണാകുളം : കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ശ്രദ്ധേയമായ വാർത്തയായിരുന്നു എറണാകുളത്ത് അച്ഛനെയും മകനെയും കാറിൽ വലിച്ചിഴച്ചതായുള്ള സംഭവം. റോഡിൽ നിന്നും ചെളിവെള്ളം തെറിപ്പിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് കാർ യാത്രക്കാർ തങ്ങളെ റോഡിലൂടെ വലിച്ചിഴച്ചു എന്നായിരുന്നു പരാതിക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ സംഭവം വാർത്തയായതോടെ യഥാർത്ഥ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളുമായി കാർ യാത്രക്കാരിയായ യുവതി രംഗത്തെത്തിയതോടെ നേരത്തെ പരാതി നൽകിയ വ്യക്തിക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ഈ സംഭവത്തിൽ പരാതി നൽകിയ മകനായ അക്ഷയ് സന്തോഷിനെ ഇപ്പോൾ ഒരു കൊലക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കണ്ടെയ്നർ ലോറി ഇടിച്ച് സൈക്കിൾ യാത്രികൻ കൊല്ലപ്പെട്ട കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ടെയ്നർ റോഡിൽ ചേരാനല്ലൂർ സിഗ്നൽ ജംഗ്ഷനിൽ വച്ച് അക്ഷയ് സന്തോഷ് ഓടിച്ച ലോറി സൈക്കിൾ യാത്രക്കാരനായ തമിഴ്നാട് സ്വദേശിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. റോഡിലൂടെ സൈക്കിൾ തള്ളിക്കൊണ്ട് പോകുന്നതിനിടയിൽ ആയിരുന്നു ലോറി വന്ന് ഇടിച്ചു തെറിപ്പിച്ചത്.
തമിഴ്നാട് സേലം മുടിയന്നൂർ സ്വദേശി മുരുകൻ(54) ആണ് മരിച്ചത്. സംഭവത്തിൽ അറസ്റ്റിലായിരിക്കുന്ന നേരുവീട്ടിൽ അക്ഷയ് സന്തോഷ് (24) ഇടുക്കി സ്വദേശിയാണ്. നിലവിൽ ചേരാനല്ലൂർ ചിറ്റൂർ കോളരിക്കൽ റോഡിന് സമീപം വാടകയ്ക്ക് താമസിക്കുകയാണ് അക്ഷയും കുടുംബവും. ഇവിടെ വെച്ചായിരുന്നു അക്ഷയും കുടുംബവും ചേർന്ന് കഴിഞ്ഞ ദിവസം ചെളിവെള്ളം തെറിപ്പിച്ചു എന്നു പറഞ്ഞു കാർ യാത്രക്കാരിയായ യുവതിയെ ആക്രമിച്ചിരുന്നത്. അച്ഛനും മകനും കാറിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെ യുവതി ഭയന്ന് കാർ മുന്നോട്ട് എടുത്തതിനെ ആയിരുന്നു കാറിൽ വലിച്ചിഴച്ചു എന്ന രീതിയിൽ ഇവർ പരാതി നൽകിയിരുന്നത്.
Discussion about this post