ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ന്യായത്തെക്കുറിച്ചും നീതിയെക്കുറിച്ചും ധാരാളം സംസാരിച്ചിരുന്ന കോൺഗ്രസ് പട്ടികവർഗ്ഗ വിഭാഗക്കാരുടെ പണം പോലും തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ഇതാണോ നിങ്ങളുടെ ന്യായം എന്നും നിർമ്മലാ സീതാരാമൻ ചോദ്യം ഉന്നയിച്ചു.
വനവാസി വിഭാഗത്തിലുള്ള വാത്മീകി സമുദായത്തിന്റെ പണം തട്ടിയെടുത്തതിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് എന്ത് ന്യായമാണ് പറയാനുള്ളത്? തിരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് മാത്രം അധസ്ഥിത സമുദായങ്ങൾക്ക് നീതി ലഭ്യമാക്കും എന്നും അവരുടെ ഉന്നമനത്തിനായി നയങ്ങൾ ആവിഷ്കരിക്കും എന്നും മുദ്രാവാക്യം വിളിക്കാൻ മാത്രമാണ് കോൺഗ്രസിനെ കൊണ്ട് കഴിയുന്നത് എന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കുറ്റപ്പെടുത്തി.
കർണാടകയിലെ മഹർഷി വാത്മീകി പട്ടികവർഗ്ഗ കോർപ്പറേഷനിൽ 187 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. 88 കോടി രൂപയുടെ അനധികൃത പണം കൈമാറ്റം ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് കർണാടക സർക്കാരിനെതിരെ ഉയർന്നിട്ടുള്ളത്. ഇഡി അന്വേഷണം ആരംഭിച്ചതോടെ വാത്മീകി കോർപ്പറേഷൻ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖരൻ പി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് തട്ടിപ്പ് പുറത്തുവന്നത്. പണ ഇടപാടുകളെ കുറിച്ച് തന്റെ ആത്മഹത്യ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് കർണാടക മുൻ മന്ത്രി ബി നാഗേന്ദ്രയെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post