ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് മനു ഭാക്കറിന്റെ മാതാപിതാക്കൾ. മനുവിന്റെ പിതാവ് രാംകിഷൻ ഭാക്കറും മാതാവ് സുമേധയും പ്രധാനമന്ത്രിക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി നൽകുന്ന പിന്തുണയാണ് ഇന്ത്യയിലെ കായിക താരങ്ങളുടെ ഹെൽത്ത് ടോണിക്ക് എന്നാണ് രാംകിഷൻ ഭാക്കർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.
“മനു ഒരു ഡോക്ടറാകണം എന്നായിരുന്നു ഞങ്ങൾ ആദ്യം ആഗ്രഹിച്ചിരുന്നത്. എന്നാൽ ജഡ്ജറിലെ സ്കൂളിൽ ഷൂട്ടിംഗ് റേഞ്ച് ആരംഭിക്കുകയും അനിൽ ജാക്കർ പരിശീലകൻ ആവുകയും ചെയ്തതോടെ മനു തന്റെ വഴി ഷൂട്ടിംഗ് ആണെന്ന് തിരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോൾ ഞങ്ങളുടെ വീട്ടിൽ മനു നേടിയ ഒരുപാട് മെഡലുകൾ ഉണ്ട്. എന്നാൽ അതിനെല്ലാം വലുതാണ് ഇപ്പോൾ നേടിയിരിക്കുന്ന ഈ ഒളിമ്പിക്സ് മെഡൽ. എല്ലാ പിന്തുണയും നൽകിയ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കും ഞങ്ങൾ നന്ദി അറിയിക്കുന്നു” എന്നും മനു ഭാക്കറിന്റെ മാതാപിതാക്കൾ വ്യക്തമാക്കി.
2024 പാരിസ് ഒളിമ്പിക്സിൽ 10 മീറ്റർ എയർ പിസ്റ്റൾ മത്സരത്തിൽ വെങ്കല മെഡൽ നേടിയ മനു ഭാക്കറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത ഷൂട്ടർ ആയി മാറിയിരിക്കുന്നതിൽ രാജ്യം നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു എന്ന് പ്രധാനമന്ത്രി മനുവിനെ അറിയിച്ചു. മെഡൽ ഏതു തന്നെയായാലും അത് കഠിനാധ്വാനത്തിന് ലഭിച്ച പ്രതിഫലം ആണെന്നും സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
Discussion about this post