അഞ്ചൽ :വിദ്യാഭ്യാസ അവകാശ നിയമത്തെ അവഗണിച്ച് അധ്യാപക സമൂഹത്തിന് നീതി നിഷേധിക്കുന്ന സർക്കാർ നിലപാടിനെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് ദേശീയ അധ്യാപക പരിഷത്ത്. അവകാശങ്ങൾ നിഷേധിക്കുമ്പോൾ നിശബ്ദമായിരിക്കാൻ ഭരണത്തിൻ്റെ തണലിൽ സംഘടന പ്രവർത്തനം നടത്തുന്നവരല്ല മറിച്ച് നിവർന്ന് നിന്ന് ചോദിക്കുവാൻ ആർജവമുള്ള അന്ധ്യാപക പ്രസ്ഥാനം ആണ് NTU. സംസ്ഥാനവ്യാപകമായി ഉപജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ധർണ്ണ അഞ്ചൽ ഉപജില്ലാ വിദ്യാഭ്യാസഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന കൺവീനർ പാറംകോട് ബിജു പറഞ്ഞു.
സാധാരണക്കാർക്കോ ജീവനക്കാർക്കോ താങ്ങാൻ ആവാത്ത തരത്തിലേക്ക് വിലക്കയറ്റം എത്തിയിരിക്കുന്നു.കാലോചിതമായി പരിഷ്കരിക്കേണ്ട ഡി. ഏ യോ ശമ്പള പരിഷ്കരണ കുടിശ്ശികയോ ജീവനക്കാരന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളിൽ മേൽ അനുകൂലമായ നിലപാടുകളോ സർക്കാർ കൈക്കൊള്ളുന്നില്ല.തീർത്തും കെടുകാര്യസ്ഥതയും സാമ്പത്തിക അച്ചടക്കം ഇല്ലായ്മയും കൈ മുതലാക്കിയിട്ടുള്ള ഈ സർക്കാരിൻറെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകപക്ഷീയമായി പ്രഖ്യാപിച്ച അക്കാദമിക് കലണ്ടർ പുനഃപരിശോധിക്കുക, ക്ഷാമബത്ത, ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ കുടിശിക തുടങ്ങി, അധ്യാപകരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, സർക്കാർ വിഹിതം ഉൾപ്പെടുത്തി മെഡിസെപ് പരിഷ്കരിക്കുക, ഉച്ചഭക്ഷണപദ്ധതിയുടെ തുക കാലോചിതമായി വർദ്ധിപ്പിക്കുക, സർവീസിലുള്ള മുഴുവൻ അധ്യാപകരുടെയും തൊഴിൽ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ഉപജില്ല പ്രസിഡൻ്റ് ആർ. രമേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എ. അനിൽകുമാർ, ഷൈജു മാധവൻ, വിനേഷ് .വി , ധന്യ റ്റി.ആർ., സോനറാണി .ആർ , ആശ .എസ്, രശ്മി പി.ആർ , ജ്യോതി ലക്ഷ്മി. എസ് എന്നിവർ സംസാരിച്ചു.
Discussion about this post