കോട്ടയം:റബ്ബർ കർഷകരുടെ പ്രതീക്ഷ വാനോളം ഉയർത്തിക്കൊണ്ട്, സംസ്ഥാനത്ത് റബ്ബർ കുതിച്ചുയരുന്നു . കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ റബ്ബർ വ്യാപാരം നടക്കുന്നത്.
, കോട്ടയത്തും കൊച്ചിയിലും റബ്ബർ ഷീറ്റ് ആർഎസ്എസ് 4ന് കിലോയ്ക്ക് 219 രൂപയും ആർഎസ്എസ് 5ന് കിലോയ്ക്ക് 214 രൂപയുമാണ്. 2011 ഏപ്രിൽ അഞ്ചിന് കിലോയ്ക്ക് 243 രൂപയിലായിരുന്നു വ്യാപാരം നടന്നത്. എന്നാൽ അതിനുശേഷം കൂപ്പുകുത്തിയ റബ്ബർ വില ഒരു പതിറ്റാണ്ടിന് ശേഷമാണ് ഇപ്പോൾ ഉയരുന്നത്.
റബ്ബർ വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ജൂൺ പകുതിയോടെ തന്നെ റബ്ബർ വിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ജൂൺ 30ന് കോട്ടയത്ത് കിലോയ്ക്ക് 205 രൂപയിലാണ് വ്യാപാരം നടന്നത്. മെയ് മാസം 180 രൂപയ്ക്ക് അടുത്തായിരുന്നു വ്യാപാരം. അതേസമയം ലാറ്റക്സ് വില 240 രൂപയിൽ എത്തി. ഒട്ടുപാൽ കിലോയ്ക്ക് 130 രൂപയുമാണ്.
ഉത്പാദനം കുറഞ്ഞതും ഉപഭോഗം കൂടിയതും മറ്റ് ആഭ്യന്തര – വിദേശ ഘടകങ്ങളുടെ സ്വാധീനവുമാണ് ഇപ്പോഴത്തെ വില വർധനയ്ക്കുള്ള കാരണം. എന്നാൽ കാലാവസ്ഥ പ്രതികൂലമായി തുടരുന്നത് കൊണ്ട്, വിലവർദ്ദനവിന്റെ പൂർണ്ണ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല.
Discussion about this post