കോഴിക്കോട് : വടകരയിലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഇടപെടലുമായി ഹൈക്കോടതി. കേസ് ഡയറി എത്രയും പെട്ടെന്ന് ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. ഓഗസ്റ്റ് 12ന് മുൻപ് തന്നെ കേസ് ഡയറി ഹാജരാക്കണമെന്ന് വടകര പോലീസ് ഇൻസ്പെക്ടർക്ക് ആണ് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുള്ളത്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം ആയിരുന്നു വടകര കേന്ദ്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ കാഫിർ സ്ക്രീൻഷോട്ട് പ്രചരിച്ചിരുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായ ഷാഫി പറമ്പിൽ ദീനിയായ മുസ്ലിം ആണെന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ കെ ശൈലജ കാഫിർ ആണെന്നും കാണിച്ചായിരുന്നു സ്ക്രീൻഷോട്ട് പ്രചരിച്ചിരുന്നത്. യൂത്ത് ലീഗ് നേതാവ് പി കെ കാസിമിന്റെ പേരിൽ നിർമ്മിച്ച വ്യാജ സ്ക്രീൻഷോട്ട് ആയാണ് ഈ സന്ദേശം പ്രചരിപ്പിച്ചിരുന്നത്.
സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമാവുകയും പി കെ കാസിം അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കുകയും ആയിരുന്നു. എന്നാൽ കൃത്രിമമായി നിർമ്മിച്ച സ്ക്രീൻഷോട്ടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട തന്നെ പോലീസ് പ്രതി ആക്കുകയായിരുന്നു എന്നാണ് പി കെ കാസിം കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നത്.
Discussion about this post