കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തം. മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലിൽ ഇതുവരെ എട്ടു പേരുടെ മൃതദേഹം കണ്ടെത്തി. ചൂരൽമലയിൽ നിന്നും നിരവധി മൃതദേഹങ്ങളാണ് കണ്ടെത്തി കൊണ്ടിരിക്കുന്നത്. മുണ്ടക്കയത്തെ സ്ഥിതിയെക്കാൾ വലിയ ദുരന്തമാണ് ചൂരൽ മലയിൽ എന്ന വിവരമാണ് പുറത്ത് വരുന്നത്.
നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്‍റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്.
ചൂരൽമലയിൽ നിന്നും മുണ്ടക്കയത്തേക്ക് പോകുന്ന പാലം പൂർണ്ണമായും തകർന്നിരിക്കുകയാണ്. ഇത് രക്ഷാ പ്രവർത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
മുണ്ടക്കൈയിൽ പുലര്‍ച്ചെ ഒരു മണിക്കും പിന്നീട് നാലു മണിക്കുമായി രണ്ടു തവണയാണ് ഉരുള്‍പൊട്ടിയത്. രണ്ടാമത്തെ ഉരുൾപൊട്ടലാണ് കൂടുതൽ ബാധിച്ചത്. അര്‍ധരാത്രിയിലെ ഉരുള്‍പൊട്ടലിനുശേഷം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്.400ലധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. നിരവധി പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Discussion about this post