വയനാട് : തലനാരിഴയ്ക്കാണ് ജീവൻ കിട്ടിയത് എന്നാണ് ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ട വിജയന്റെ വാക്കുകൾ. കൺമുന്നിൽ നിന്നാണ് തന്റെ അമ്മയെയും അനുജത്തിയെയും മരണം കീഴ്‌പ്പെടുത്തിയത്. ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു രാത്രി ജനലഴിയിൽ പിടിച്ചു നിന്നു. രാവിലെ ആയപ്പോഴാണ് തിരിച്ചറിയുന്നത് കൂടെ ഉണ്ടായ പലരും ഇനി കൂട്ടിനില്ലെന്ന്.
‘സമയം ഒന്നര മണി. ഒരു വല്ലാത്ത ഒച്ചയും ഒരു പ്രത്യേക മണവും. പുറത്ത് ഇറങ്ങി നോക്കിയപ്പോൾ അപ്പുറത്തെ വീട് എല്ലാം കുലുങ്ങുന്നതാണ് കാണുന്നത്. പോസ്റ്റ് എല്ലാം വീഴുകയാണ്. അടുത്തുള്ള വീട്ടിൽ നിന്ന് കരച്ചിൽ കേട്ടപ്പോൾ അവരെ വീട്ടിൽ നിന്ന് പുറത്തിറക്കി . കൂറെ വീട്ടുകാരെ രക്ഷിച്ചു. അങ്ങനെ രണ്ടാമത് ഉരുൾപൊട്ടൽ ഉണ്ടായി. പിന്നെ നോക്കുമ്പോഴാണ് എന്റെ അമ്മയും അനുജത്തിയും ഒലിച്ചു പോവുന്നത്. തനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല ‘ വിജയൻ പറഞ്ഞു.
രണ്ടാമത്തെ ഉരുൾപൊട്ടൽ താൻ നേരിട്ട് കണ്ടു. അമ്മയെ ഇതുവരെ ആയിട്ടും കണ്ടുപിടിക്കാൻ ആയിട്ടില്ല. അനുജത്തിയുടെ മൃതദേഹം കണ്ടെത്തി . ഇനി അവിടേക്ക് ഇല്ല. ഭാര്യയെയും മക്കളെയും കൊണ്ട് ഇവിടെ നിന്ന് പോവുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുവരെ 93 മൃതദേഹങ്ങളാണ് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളത്. ഇത് അവസാന കണക്കില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പരിക്കേറ്റ് വിവിധ ആശുപത്രികളിൽ 128 പേർ ചികിത്സയിലുണ്ട്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നവരാണ് എല്ലാവരും. ഈ ഘട്ടത്തിൽ കുഞ്ഞുങ്ങളുൾപ്പെടെയാണ് നേരം പുലർന്നപ്പോൾ ജീവൻ നഷ്ടപ്പെട്ട് മണ്ണിനടിയിൽ പുതഞ്ഞ് പോയത്. നരവധി പേർ ഒഴുകി പോയിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ നിലമ്പൂരിനടുത്ത് പോത്തുകല്ലിൽ ചാലിയാറിൽ നിന്നും 16 ഓളം പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട് 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 18 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി.
Discussion about this post