അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ ധ്വജാരോഹണ ചടങ്ങിനെതിരെ പാകിസ്താൻ നടത്തിയ പരാമർശത്തിന് ചുട്ടമറുപടി നൽകി ബിജെപി രംഗത്ത്. ഒസാമ ബിൻ ലാദൻ ലോകസമാധാനത്തിനെ കുറിച്ച് പ്രസംഗിക്കുന്നത് പോലെയാണ് ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച് പാകിസ്താൻ സംസാരിക്കുന്നതെന്ന് ബിജെപി തുറന്നടിച്ചു. പാകിസ്താൻ ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കുമെന്നും ബിജെപി പരിഹസിച്ചു.
‘ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും ആരെയെങ്കിലും പഠിപ്പിക്കേണ്ട ഏറ്റവും ഒടുവിലത്തെ രാജ്യമാണ് പാകിസ്താൻ. അവരുടെ ചരിത്രം നോക്കുക. ഏറ്റവും നിഷ്ഠൂരമായ ഭീകരാക്രമണം നടത്തി നിരവധി നിരപരാധികളുടെ ജീവനെടുത്ത 26/11 എന്ന ദിവസം തന്നെയാണ് അവർ ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നത്,’ ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു. പാകിസ്താനിലെ വിവിധ സമുദായങ്ങൾ പോലും പാക് ഐഎസ്‌ഐ ആർമി ഇൻഫ്രാസ്ട്രക്ചറിൽ പീഡിപ്പിക്കപ്പെടുന്നു. അതിനാൽ പ്രസംഗിക്കുന്ന അവസാനത്തെ വ്യക്തി അവരായിരിക്കണം,’ പൂനവല്ല കൂട്ടിച്ചേർത്തു.ഇന്ത്യയിലെ ഇസ്ലാമോഫോബിയയെയും ഹിന്ദുത്വത്തെയും കുറിച്ചുള്ള പാകിസ്താന്റെ ആക്ഷേപം, പ്രതിപക്ഷ നേതാക്കൾ, പ്രത്യേകിച്ച് കോൺഗ്രസ് പാർട്ടിയും തൃണമൂൽ കോൺഗ്രസും പറയുന്ന കാര്യങ്ങളുമായി വിചിത്രമായ സാമ്യമുള്ളതാണ് എന്നും ഷെഹ്സാദ് പൂനാവാല കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീരാമക്ഷേത്രത്തിൽ പതാക ഉയർത്തിയ സംഭവം മുസ്ലീം പൈതൃകം മായ്ച്ചുകളയാനുള്ള ശ്രമമാണെന്നും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ നേരിടുന്ന സമ്മർദ്ദത്തിന്റെ പ്രതിഫലനമാണെന്നുമായിരുന്നു പാകിസ്താന്റെ പ്രസ്താവന.
നേരത്തെ വിദേശകാര്യമന്ത്രാലയം പാകിസ്താന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട പരാമർശങ്ങൾ ഞങ്ങൾ കണ്ടു, അർഹിക്കുന്ന പുച്ഛത്തോടെ ഞങ്ങൾ അവയെ തള്ളിക്കളയുന്നു. മതഭ്രാന്ത്, അടിച്ചമർത്തൽ, ന്യൂനപക്ഷങ്ങളോടുള്ള വ്യവസ്ഥാപിതമായ മോശം പെരുമാറ്റം എന്നിവയുടെ കളങ്കപ്പെട്ട ചരിത്രമുള്ള ഒരു രാജ്യമെന്ന നിലയിൽ, മറ്റുള്ളവരെ പഠിപ്പിക്കാൻ പാകിസ്താന് ധാർമിക അവകാശമില്ല. കാപട്യം നിറഞ്ഞ പ്രഭാഷണങ്ങൾ നടത്തുന്നതിന് പകരം, പാകിസ്താൻ സ്വയം വിലയിരുത്തുകയും ദയനീയമായ സ്വന്തം മനുഷ്യാവകാശ റെക്കോഡുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി.












Discussion about this post