വയനാട് : വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടലിനെ തുടർന്ന് ട്രീ വാലി റിസോർട്ടിൽ കുടുങ്ങിക്കിടന്നിരുന്നവരെ രക്ഷിച്ചു. അഗ്നിരക്ഷാസേനയാണ് റിസോർട്ടിൽ ഉണ്ടായിരുന്ന എല്ലാവരെയും രക്ഷിച്ചത്. നൂറോളം പേരായിരുന്നു ട്രീ വാലി റിസോർട്ടിൽ കുടുങ്ങിക്കിടന്നിരുന്നത്.
ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് രക്ഷപ്പെടാനായി റിസോർട്ടിലേക്ക് ഓടിയെത്തിയവരായിരുന്നു ഇവിടെ കുടുങ്ങിക്കിടന്നിരുന്നത്. പാലവും റോഡും എല്ലാം നശിച്ചതോടെ പുറത്തിറങ്ങാൻ കഴിയാതിരുന്ന ഇവർ ഉച്ചയോടെ മാദ്ധ്യമങ്ങളെ വിവരം അറിയിച്ചതോടെ ആണ് റിസോർട്ടിലെ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി മനസ്സിലാക്കിയത്.
തുടർന്ന് അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ രാത്രിയോടെ ട്രീ വാലി റിസോർട്ടിൽ കുടുങ്ങിക്കിടന്നവരെ രക്ഷിക്കുകയായിരുന്നു. അതേസമയം ഉരുൾപൊട്ടലിനെ തുടർന്ന് തന്റെ കുടുംബത്തിലുള്ളവരെ കാണാതായതായി റിസോർട്ട് ഉടമ അറിയിച്ചു. ട്രീ വാലി റിസോർട്ട് ഉടമ യൂനുസ് ആണ് തന്റെ കുടുംബത്തിലെ 7 പേരെ കാണാനില്ലെന്ന് അറിയിച്ചത്.
Discussion about this post