ന്യൂഡൽഹി : വിവാദ ഐഎഎസ് പ്രൊബേഷണർ പൂജ ഖേദ്കറിന്റെ ഐഎഎസ് സ്ഥാനാർത്ഥിത്വം യു പി എസ് സി റദ്ദാക്കി. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ഭാവിയിലെ എല്ലാ പരീക്ഷകളിൽ നിന്നും പൂജയെ സ്ഥിരമായി വിലക്കുകയും ചെയ്തിട്ടുണ്ട്. ജോലി ലഭിക്കാൻ വ്യാജ വൈകല്യ-ജാതി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചെന്ന ആരോപണം തെളിഞ്ഞതിനെ തുടർന്നാണ് പൂജ ഖേദ്കറിന്റെ ഐഎഎസ് സ്ഥാനാർത്ഥിത്വം യു പി എസ് സി റദ്ദാക്കിയിരിക്കുന്നത്.
സിവിൽ സർവീസ് പരീക്ഷയിലെ സ്ഥാനാർത്ഥിത്വം ഉറപ്പാക്കാൻ പൂജ നോൺ ക്രീമി ലയർ ക്വാട്ട ദുരുപയോഗം ചെയ്തതിന്റെ പേരിൽ ഡൽഹി പോലീസ് ക്രൈം ബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. യു പി എസ് സിയും പൂജ ഖേദ്കറിനെതിരെ കേസ് ചെയ്തിട്ടുണ്ട്. ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ സെക്ഷൻ 66 ഡി, വികലാംഗരുടെ അവകാശനിയമത്തിലെ 89, 91 വകുപ്പുകൾ, വഞ്ചന, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൂജയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സിവിൽ സർവീസ് പരീക്ഷാപ്രക്രിയയുടെ സമഗ്രത നിലനിർത്താനുള്ള പ്രതിബദ്ധത ആണ് യു പി എസ് സി പൂജയ്ക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ കാരണമായിട്ടുള്ളത്. ഭാവിയിൽ ഇത്തരം ഒരു കേസ് ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും യു പി എസ് സി വ്യക്തമാക്കി.
Discussion about this post