ദമാം : രണ്ടുദിവസം മുൻപ് വരെ വയനാട്ടിലെ വീട്ടിൽ സന്തോഷമായി കഴിഞ്ഞാൽ തന്റെ കുടുംബത്തെക്കുറിച്ച് ഓർത്ത് പൊട്ടിക്കരയുകയാണ് ഇന്ന് ദമാമിൽ ജോലി ചെയ്യുന്ന ജിഷ്ണു. ഉരുൾപൊട്ടലിൽ വീട് മുഴുവൻ തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന 7പേരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. തന്റെ കുടുംബത്തെ കണ്ടെത്താനായി ആരെങ്കിലും ഒന്ന് സഹായിക്കണേ എന്ന് കേഴുകയാണ് ജിഷ്ണു.
ജിഷ്ണുവിന്റെ പിതാവ് രാജൻ, അമ്മ മരുതായ്, മൂത്ത സഹോദരൻ ജിനു (27), ജിഷ്ണുവിന്റെ ഇളയവരായ ഷിജു (25), ജിബിൻ (18) സഹോദരി ആൻഡ്രിയ (16), ജിനുവിന്റെ ഭാര്യ പ്രിയങ്ക (25), മുത്തശ്ശി നാഗമ്മ എന്നിവരാണ് പുഞ്ചിരിവട്ടത്തെ വീട്ടിൽ താമസിച്ചിരുന്നത്. ഇവരെ ആരെക്കുറിച്ചും ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ഫോൺ വിളിച്ചിട്ട് ആരും എടുക്കുന്നില്ല. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ജിഷ്ണു ഇപ്പോൾ വിദേശത്ത് കഴിയുന്നത്.
ഉരുൾപൊട്ടൽ വാർത്ത അറിഞ്ഞപ്പോൾ മുതൽ രാത്രി മുഴുവൻ നാട്ടിലെ അറിയാവുന്ന ഫോൺ നമ്പറുകളിലേക്ക് എല്ലാം വിളിച്ചു. ആരും ഫോൺ എടുക്കുന്നില്ല. പല നമ്പറുകളും സ്വിച്ച് ഓഫ് ആണ്. ആറുമാസം മുമ്പാണ് 26 വയസ്സുകാരനായ ജിഷ്ണു സൗദിയിലേക്ക് ജോലിക്കായി എത്തിയത്. ബാങ്കിൽ നിന്നും വായ്പ എടുത്താണ് വീട് നിർമ്മിച്ചിരുന്നത്. മാതാവ് അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. വീട് തകർന്നതായി അറിഞ്ഞു. പക്ഷേ വീട്ടുകാരെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. തന്റെ കുടുംബത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭ്യമാകുമോ എന്ന് നിസ്സഹായനായി ചോദിച്ചു കൊണ്ടേയിരിക്കുകയാണ് ജിഷ്ണു.
Discussion about this post