വയനാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്ത മുഖത്ത് ഇന്നത്തെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. അപായ സാധ്യത മുന്നിൽ കണ്ടാണ് ദൗത്യ സംഘം രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി വച്ചത്.
നാളെ രാവിലെ വീണ്ടും രക്ഷാപ്രവർത്തനം പുനരാരംഭിക്കും. ചൂരൽ മലയിൽ അതി തീവ്രമായ മഴയാണ്. മലവെള്ളപ്പാച്ചിലും ശക്തമാണ്. സ്ഥലത്ത് സൈന്യത്തിൻ്റെ താത്കാലിക പാലം നിര്‍മ്മാണവും മുടങ്ങി. അതേസമയം ഉരുൾപൊട്ടലിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 270 ആയി. വയനാട്ടില്‍ ഉരുൾപൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ മാറി താമസിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി, കാപ്പിക്കളം, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ആണ് നിര്‍ദ്ദേശം.
ക്യാമ്പിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും വേഗം പ്രദേശത്ത് നിന്നും മാറണമെന്നും നിര്‍ദേശമുണ്ട്. തദ്ദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസർമാരും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. വയനാട്, കണ്ണൂര്‍, കാസർകോട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി നല്‍കിയിട്ടുണ്ട്.
Discussion about this post