വയനാട്: അതി ഭീകരമായ സാഹചര്യങ്ങളെ പോലും വശത്തിലാക്കാൻ സാധിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ കരവിരുതും ചങ്കൂറ്റവും കഴിഞ്ഞ ഏതാനും മണിക്കൂറുകളായി നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണ്.
ഇന്ത്യൻ സൈന്യം എന്നാൽ ലോകത്തെ ഏറ്റവും മികച്ച സായുധ സേനകളിൽ ഒന്നാണ് എന്നറിയാമായിരുന്ന നമുക്ക് പക്ഷെ അത് ലോകത്തെ തന്നെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് വിഭാഗം ആണെന്ന് ഈ കഴിഞ്ഞ ദിവസങ്ങളിലാണ് ബോധ്യപ്പെട്ടത്.
നിമിഷാർദ്ധങ്ങൾക്ക് പോലും ജീവന്റെ വിലയുള്ളപ്പോൾ ഓരോ സൈനികനും കാണിക്കുന്ന ചടുലതയിലും കാര്യ കുശലതയിലും വൈഭവത്തിലും ഒരല്പം അഭിമാനിക്കാത്തവരായി ആരും ഉണ്ടാകില്ല ഇന്ത്യയിൽ ഒരുപക്ഷെ. ഒരു കൂട്ടം രാജ്യദ്രോഹികളെ മറന്നു കൊണ്ടല്ല ഈ പറയുന്നത്. അവർ അവരുടെ പണി തുടർന്ന് കൊണ്ടേയിരിക്കും.
ഇതിനിടയിൽ പലപ്പോഴായി മിന്നി മറഞ്ഞു കൊണ്ട് കടന്നു പോകുന്ന ഒരു വാക്കാണ് ബെയ്‌ലി ബ്രിഡ്ജ്. എന്നാൽ എന്താണ് ബെയ്‌ലി ബ്രിഡ്ജ്. രണ്ടാം ലോകമഹായുദ്ധം തന്നെ ബ്രിട്ടൻ ജയിക്കുന്നതിൽ വലിയൊരു പങ്കു വഹിച്ച, ലളിതവും പക്ഷെ അതീവ പ്രയോജന പ്രദവുമായ ഒരു സംവിധാനമാണ് ബെയ്‌ലി ബ്രിഡ്ജുകൾ.
രണ്ടാം ലോകമഹായുദ്ധസമയത്ത് 1940-41 കാലഘട്ടത്തിൽ ബ്രിട്ടീഷുകാരാണ് ബെയ്‌ലി പാലങ്ങൾ വികസിപ്പിച്ചത്. ഈ ട്രസ് ബ്രിഡ്ജുകൾക്ക് കൂട്ടിച്ചേർക്കാൻ പ്രത്യേക സവിശേഷ ഉപകരണങ്ങൾ ആവശ്യമില്ല എന്നതാണ് യുദ്ധ സമാനമായ അടിയന്തിര സാഹചര്യങ്ങളിൽ ബെയ്‌ലി ബ്രിഡ്ജ്കളുടെ , ആവശ്യമായ ഭാഗങ്ങൾ എളുപ്പത്തിൽ കൊണ്ടുപോകാനും വരുവാനും കഴിയും. പ്രകൃതിദുരന്തങ്ങളുടെ സമയത്തും നിർമ്മാണ പദ്ധതികളിലും താൽക്കാലിക പാതകൾ സൃഷ്ടിക്കാൻ വ്യാപകമായി ഉപയോഗിച്ച് വരുന്നതാണ് ബെയ്‌ലി ബ്രിഡ്ജുകൾ.
ഒരു ഹോബിയായി മോഡൽ ബ്രിഡ്ജുകൾ ഉണ്ടാക്കി കൊണ്ടിരുന്ന ബ്രിട്ടീഷ് വാർ ഓഫീസിലെ സിവിൽ സർവന്റ് ഡൊണാൾഡ് ബെയ്‌ലിയുടെ പേരിലാണ് ബെയ്‌ലി പാലങ്ങൾ അറിയപ്പെടുന്നത്. ആദ്യകാലത്ത് ബെയ്ലി ബ്രിഡ്ജുകൾ ബ്രിട്ടീഷ് സൈന്യം തിരസ്കരിച്ചെങ്കിലും, ജർമനിയുടെ ഡങ്കിർക് ആക്രമണത്തോടു കൂടിയാണ്, എളുപ്പത്തിൽ അസ്സെംബ്ൾ ചെയ്യാൻ കഴിയുന്ന ഈ പാലങ്ങൾക്ക് ജീവൻ രക്ഷിക്കാനും യുദ്ധം ജയിപ്പിക്കാനുമുള്ള കഴിവുണ്ടെന്ന് ബ്രിട്ടന് മനസിലായത്.
ഇനി എങ്ങനെയാണു ബെയ്ലി ബ്രിഡ്ജുകൾ നിർമ്മിക്കുന്നത് എന്ന് നോക്കാം
വിതരണക്കാർ നൽകുന്ന ബെയ്‌ലി ബ്രിഡ്ജ് ഘടകങ്ങളുടെ നേരിട്ടുള്ള അസംബ്ലിയാണ് ബെയ്‌ലി ബ്രിഡ്ജ് നിർമ്മാണം. നിർമ്മാണത്തിന് മുമ്പ്, ക്രെയിനുകൾ മുൻകൂട്ടി തയ്യാറാക്കി വെക്കണം.
ബ്രിഡ്ജ് നോസ് ഫ്രെയിം ഇൻസ്റ്റാൾ ചെയ്യുക എന്നതാണ് ആദ്യ പടി. ബെയ്‌ലി പാലത്തിൻ്റെ ട്രസ് ആദ്യം കൂട്ടിച്ചേർത്തത് കരയിൽ നിന്ന് പുറത്തേക്ക് തള്ളിയ പാറയിലാണ്. ട്രസ് കഷണത്തിൻ്റെ ഒരറ്റം ആദ്യം നദിക്ക് പുറത്തുള്ള പറയിലോ കട്ടിയുള്ള സ്ഥലത്തോ സ്ഥാപിക്കും , മറ്റേ അറ്റം താൽക്കാലിക സ്കിഡിലും. അതിനു ശേഷം പടി പടിയായി ബ്രിഡ്‌ജിന്റെ മറ്റ് ഘടകങ്ങൾ കൂട്ടി സംയോജിപ്പിക്കുകയാണ് ചെയ്യുന്നത്. കൂട്ടിയോജിപ്പിച്ച ഘടകങ്ങൾ നദിയുടെ ഒരറ്റത്ത് നിന്നും മറ്റൊരു അറ്റത്തേക്ക് തള്ളി നീക്കാൻ കഴിയും എന്നതാണ് ബെയ്‌ലി ബ്രിഡ്‌ജിന്റെ മറ്റൊരു പ്രേത്യേകത.
പാലത്തിന്റെ എല്ലാ ഘടകങ്ങളും വളരെ ലളിതമാണ് എന്നതാണ് ബെയ്‌ലി ബ്രിഡ്ജിനെ ആകർഷകമാക്കുന്നത്.
എന്നാൽ വായനാടിലെ കുത്തിയൊലിക്കുന്ന മലവെള്ള പാച്ചലിലും കാറ്റിലും, ബെയ്‌ലി ബ്രിഡ്ജ് പോയിട്ട് ചുള്ളിക്കമ്പ് എടുത്തു വയ്ക്കുന്നത് തന്നെ അങ്ങേയറ്റം ശ്രമകരമാണ്.
ആ സാഹചര്യത്തിലാണ് ഇന്ത്യൻ സൈന്യത്തിന്റെ അസാമാന്യമായ കഴിവിനെ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ നമ്മളെല്ലാവരും സ്തുതിക്കേണ്ടത്.
Discussion about this post