ടെൽ അവീവ് : കഴിഞ്ഞ ഒക്ടോബർ 7ന് ഇസ്രായേലിൽ 1200ലധികം പേരുടെ മരണത്തിന് ഇടയാക്കിയ ‘ഓപ്പറേഷൻ അൽ-അഖ്‌സ സ്റ്റോം’ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ കൊലപ്പെടുത്തി ഇസ്രായേൽ. ഹമാസ് സൈനിക മേധാവി മുഹമ്മദ് ഡീഫ് ആണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ സൈന്യത്തിന്റെ വ്യോമാക്രമണത്തിലാണ് മുഹമ്മദ് ഡീഫ് കൊല്ലപ്പെട്ടത്.
ജൂലൈ 31ന് ഇസ്രായേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ ഹമാസ് തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ഇപ്പോൾ ഹമാസ് സൈനിക മേധാവിയും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്നത്. നിരവധി വധശ്രമങ്ങളിൽ നിന്നും രക്ഷപ്പെട്ടതിനുശേഷമാണ് മുഹമ്മദ് ഡീഫ് ഇപ്പോൾ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.
2024 ജൂലൈ 13 ന് ഖാൻ യൂനിസ് പ്രദേശത്ത് ഇസ്രായേൽ പ്രതിരോധ സേന നടത്തിയ വ്യോമാക്രമണത്തിലാണ് മുഹമ്മദ് ഡീഫ് കൊല്ലപ്പെട്ടതെന്നാണ് വിവരം. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ഇപ്പോഴാണ് കൊല്ലപ്പെട്ടവരിൽ മുഹമ്മദ് ഡീഫും ഉണ്ടെന്ന് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടുള്ളത്. അടുത്ത ദിവസങ്ങളിൽ ആയുള്ള രണ്ട് ഉന്നത നേതാക്കളുടെ മരണം ഹമാസിന് കനത്ത പ്രഹരമാണ് നൽകിയിരിക്കുന്നത്.
Discussion about this post