ന്യൂഡൽഹി: മഥുര ശ്രീകൃഷ്ണ ജന്മഭൂമി കേസിൽ മുസ്ലീം വിഭാഗത്തിന് തിരിച്ചടി. ഹിന്ദു വിഭാഗത്തിന്റെ ഹർജി ചോദ്യം ചെയ്ത് ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഇതോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് മുസ്ലീം വിഭാഗത്തിന്റെ തീരുമാനം.
ഈദ്ഗാഹ് സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന്റേത് ആണെന്നും, അതിനാൽ മസ്ജിദ് പൊളിച്ച് മാറ്റി ഭൂമി തിരികെ നൽകണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹിന്ദു വിഭാഗം ഹർജി നൽകിയത്. എന്നാൽ ഈ ഹർജി നിലനിൽക്കില്ലെന്നാണ് മുസ്ലീം വിഭാഗം വാദിക്കുന്നത്. അതിനാൽ ഈ ഹർജി തള്ളണണെന്നും മുസ്ലീം വിഭാഗം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.
എന്നാൽ ഹർജി പരിഗണിച്ച ജസ്റ്റിസ് മായങ്ക് കുമാർ ജയ്ൻ ഹർജി നിലനിൽക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. ഈ മാസം 12 ന് തന്നെ ഹർജി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമായി. ഹർജിയിൽ ഉന്നയിക്കുന്ന കാര്യങ്ങൾ നിലനിൽക്കുന്നതാണ്. അതിനാൽ ഹർജി പരിഗണിക്കാം. ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റിയ്ക്ക് ഹർജിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാമെന്നും മായങ്ക് കുമാർ കൂട്ടിച്ചേർത്തു.
കൃഷ്ണ ജന്മഭൂമിയിൽ നിന്നും കയ്യേറി നിർമ്മിച്ച ഷാഹി മസ്ജിദ് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹർജികളാണ് ഹൈക്കോടതിയിൽ ലഭിച്ചിരിക്കുന്നത്. ഷാഹി മസ്ജിദ് ഔറംഗസേബ് കൃഷ്ണ ക്ഷേത്രത്തിന്റെ ഭാഗങ്ങൾ പൊളിച്ച് നിർമ്മിച്ചത് ആണെന്നാണ് ഹിന്ദുക്കളുടെ ഹർജിയിൽ പറയുന്നത്.
Discussion about this post