മലപ്പുറം : വയനാടിന് കൈത്താങ്ങായി ഒത്തുചേരുകയാണ് കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള നിരവധി ജനങ്ങൾ. ഈ കൂട്ടത്തിൽ തന്നെ ഏറെ വ്യത്യസ്തനാവുകയാണ് താനൂർ സ്വദേശിയായ ജിലീഷ്. താനൂരിലെ തന്റെ ചെറിയ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ മുഴുവൻ വസ്ത്രങ്ങളും വയനാട്ടിലെ ദുരന്തബാധിതർക്കായി കൈമാറിയിരിക്കുകയാണ് എപി ജിലീഷ്.
മലപ്പുറം താനൂരിലെ മോര്യ സ്വദേശിയാണ് ജിലീഷ്. താനൂരിൽ ‘മഞ്ചാടി’ എന്ന പേരിൽ ചെറിയൊരു വസ്ത്ര വ്യാപാര സ്ഥാപനം നടത്തിവരികയാണ്. ഈ കൊച്ചു കടയിൽ സ്റ്റോക്ക് ഉണ്ടായിരുന്ന 50,000 രൂപയിലേറെ വിലവരുന്ന എല്ലാ വസ്ത്രങ്ങളും ജിലീഷ് സേവാഭാരതി താനൂർ യൂണിറ്റിന് കൈമാറി.
വയനാടിനായി കൈകോർക്കുന്ന ദേശീയ സേവാഭാരതിയുടെ ശ്രമങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ കണ്ടാണ് ജിലീഷ് തന്റെ കൈയിലുള്ള എല്ലാം കൈമാറാൻ തയ്യാറായത്. തന്റെ കടയിലെ എല്ലാ വസ്ത്രങ്ങളും നൽകാൻ തയ്യാറാണ് എന്ന് അദ്ദേഹം സേവാഭാരതിയുടെ സമൂഹമാദ്ധ്യമ പോസ്റ്റിനു താഴെ കമന്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് ദേശീയ സേവാഭാരതി പ്രവർത്തകർ ഇദ്ദേഹവുമായി ബന്ധപ്പെട്ട് ഈ വസ്ത്രങ്ങൾ ശേഖരിച്ചു.
Discussion about this post