വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം നടന്നതിന്റെ പിറ്റേദിവസം മുതൽ അവിടെ രക്ഷാപ്രവർത്തകരിൽ ഒരാളായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉണ്ട്. മഴക്കോട്ടു ധരിച്ച് മുണ്ടു മടക്കിക്കുത്തി ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനങ്ങളുടെ ഓരോ ഘട്ടവും വിലയിരുത്തി കൊണ്ട് നടക്കുന്ന കേന്ദ്രമന്ത്രിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ദുരന്തം നടന്ന മൂന്നാം ദിനം മാത്രമാണ് സംസ്ഥാന മുഖ്യമന്ത്രിയും വയനാട് എംപിയും പോലും ദുരന്തഭൂമി സന്ദർശിച്ചത് എന്നിരിക്കെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായുള്ള ജോർജ് കുര്യന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്.
ജൂലൈ 30ന് പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായത്. രാവിലെ മുതൽ ദുരന്തവാർത്ത മാദ്ധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തി. ന്യൂഡൽഹിയിൽ ആയിരുന്ന കേന്ദ്രമന്ത്രി ജോർജ് കുര്യൻ 31ന് രാവിലെ തന്നെ വയനാട്ടിലെ ദുരന്ത ഭൂമിയിൽ എത്തി. ഓരോ ദുരിതാശ്വാസ ക്യാമ്പുകളിലും അന്ന് തന്നെ അദ്ദേഹം സന്ദർശനം നടത്തി ദുരന്തബാധിതരെ നേരിൽ കണ്ടു.
രക്ഷാപ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തുകയും ഓരോ വിവരങ്ങളും കേന്ദ്രസർക്കാരിനെ അറിയിക്കുകയും ചെയ്തു കൊണ്ട് കഴിഞ്ഞ രണ്ട് ദിവസമായി ജോർജ് കുര്യൻ ഈ ദുരന്തഭൂമിയിൽ ഉണ്ട്. സൈനിക ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിയുമായി രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും അതത് സമയം ചർച്ച നടത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികൾ വിശദമായി നിരീക്ഷിക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ ഒത്തുചേരാൻ തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നുമാണ് ജോർജ് കുര്യൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നത്.
Discussion about this post