വാഷിങ്ടൺ:വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. പ്രദേശത്ത് സങ്കീർണമായ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവരുടെ ധീരതയെയും അദ്ദേഹം പ്രകീർത്തിച്ചു. “കേരളത്തിലെ ഉരുൾപൊട്ടൽ ബാധിതരായ എല്ലാവരോടും ജില്ലും ഞാനും ആത്മാർഥമായ ദുഃഖം അറിയിക്കുന്നു. ദുരന്തബാധിതർക്കായി പ്രാർഥിക്കുന്നു” -ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. കഠിനകാലത്ത് ഇന്ത്യയിലെ ജനങ്ങളെയെല്ലാം ചേർത്തുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ദുരന്ത മേഖലയിൽ തെരച്ചിൽ കൂടുതൽ ഊർജിതമാക്കും. ആറ് സോണുകളായി തിരിച്ചാണ് പരിശോധന. ബെയ്‍ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലൻസുകളും എത്തിക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ പരിധിയിലും തെരച്ചിൽ നടക്കും.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ സ്ഥിരീകരിച്ചത് 291മരണം. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലിൽ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
Discussion about this post