ന്യൂഡൽഹി: ആപ്പിൾ പ്രേമികൾ കാത്തിരിക്കുന്ന ഐ ഫോൺ 16 ഉടൻ വിപണിയിലേക്ക്. അടുത്ത മാസം ആദ്യവാരത്തോടെ മൊബൈലിന്റെ ലോഞ്ച് ഉണ്ടാകുമെന്നാണ് വിവരങ്ങൾ. വമ്പൻ മാറ്റങ്ങളോടെ പുറത്തിറങ്ങുന്ന ഈ ഫോണുകൾ അതിവേഗം സ്മാർട് ഫോൺ വിപണി കീഴടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐ ഫോൺ 16, ഐ ഫോൺ 16 പ്രൊ, ഐ ഫോൺ 16 പ്രൊ മാക്‌സ് എന്നിവയാണ് വിപണിയിൽ എത്തുക. ഈ മൂന്ന് ഫോണുകളിലും വലിയ മാറ്റങ്ങളാണ് കമ്പനി വരുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്മാർട് ഫോൺ പ്രേമികളുടെ മനസ് ഐ ഫോൺ 16 കീഴടക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഐ ഫോൺ 16 ലെ മാറ്റങ്ങളിൽ പ്രധാനമായും എടുത്തു പറയേണ്ടത് അതിന്റെ ബാറ്ററി പവർ ആണ്. ബാറ്ററി കപ്പാസിറ്റി വർദ്ധിപ്പിച്ചുകൊണ്ടാണ് 16 സീരിസ് ആപ്പിൾ കമ്പനി പുറത്തിറക്കുന്നത്. ഐ ഫോൺ 16, ഐ ഫോൺ 16 പ്രൊ മാക്‌സ് എന്നിവയുടെ ബാറ്ററി കപ്പാസിറ്റി 5.74 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. 4,676 എംഎഎച്ച് ബാറ്ററികളായിരിക്കും പുതിയ ഫോണുകളിൽ ഉണ്ടാകുക.
ഐ ഫോൺ 16 പ്രൊയുടെ ബാറ്ററി കപ്പാസിറ്റിയിൽ 9.25 ശതമാനത്തിന്റെ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. 3,577 എംഎഎച്ച് ബാറ്ററികളായിരിക്കും ഈ ഫോണിൽ ഉണ്ടാകുക. നിലവിലെ ഐ ഫോൺ 15 പ്രൊയുടെ ബാറ്ററി കപ്പാസിറ്റി 3,274 എംഎഎച്ച് ആണ്. 4,422 എംഎഎച്ച് ബാറ്ററിയാണ് ഐ ഫോൺ 15 പ്രൊ മാക്‌സിൽ ഉള്ളത്. ഐ ഫോൺ 16 ഉപഭോക്താക്കൾക്ക് ഒറ്റത്തവണ ചാർജ് ചെയ്താൽ 30 മണിക്കൂർവരെ ഫോൺ ഉപയോഗിക്കാൻ കഴിയും.
Discussion about this post