ധാക്ക; ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തിട്ടും എന്നിട്ടും കലിയടങ്ങാതെ പ്രക്ഷോഭകാരികൾ. കൊലവിളിയോടെ അക്രമികള്‍ രാജ്യത്ത് അക്രമാസക്തരായി വിളയാടുകയാണ്. പൊതുമുതൽ നശിപ്പിക്കുന്നത് തുടരുന്ന അക്രമി സംഘം, ഷെയ്ഖ് ഹസീനയുടെ കൊട്ടാരവും കയ്യേറിയിരുന്നു.
ഹിന്ദു ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വരുന്നത്. അക്രമങ്ങള്‍ക്ക് ഇടയില്‍ ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുക്കള്‍ കശാപ്പ് ചെയ്യപ്പെടുകയാണ് എന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി വ്യക്തമാക്കി. ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷം കൊല്ലപ്പെടുന്നു. രംഗ്പൂരിലെ കൗൺസിലർ കൊല്ലപ്പെട്ടു. സിറാജ്ഗഞ്ചിൽ 13 പോലീസുകാർ കൊല്ലപ്പെട്ടു. അവരില്‍ 9 പേരും ഹിന്ദുക്കളാണ്. ഒരു കോടി ബംഗ്ലാദേശി ഹിന്ദുക്കൾ ബംഗാളിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയയെ ഉടൻ മോചിതയാക്കുമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ. പ്രതിപക്ഷ പാർട്ടി അംഗങ്ങളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ തലവനാണ് ഖാലിദ സിയ.
രാജിക്ക് ശേഷം രാജ്യം വിട്ട് ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീനയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഹിൻഡൺ എയർബേസിൽ എത്തിയതിനെ തുടർന്നാണ് കൂടിക്കാഴ്ച നടത്തിയത്. ബംഗ്ലാദേശിലെ പ്രതിസന്ധിയെക്കുറിച്ച് ഇരുവരും ചർച്ച നടത്തിയതായാണ് വിവരം. ബംഗ്ലാദേശിലെ പ്രതിസന്ധിയെക്കുറിച്ചും തൻ്റെ ഭാവി നടപടികളെക്കുറിച്ചും ഷെയ്ഖ് ഹസീന ഡോവലുമായി ചർച്ച ചെയ്തു എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
രാജിവച്ച് ബംഗ്ലാദേശിൽ നിന്നും പലായനം ചെയ്ത ഹസീന ഹിൻഡൻ വ്യോമതാവളത്തിലാണ് വിമാനം ഇറങ്ങിയത്. ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഷെയ്ഖ് ഹസീന ഇന്ത്യയിൽ എത്തുമെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇന്ത്യയിൽ ഹസീന അഭയം പ്രാപിക്കില്ല. ഇവിടെ നിന്നും ഉടൻ തന്നെ ലണ്ടനിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ടുകൾ.
Discussion about this post