പാരീസ് : 2024 പാരീസ് ഒളിമ്പിക്സിലെ ഗുസ്തിയുടെ ഗോദയിൽ ഇന്ത്യയ്ക്ക് വിജയത്തിളക്കം. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് സെമിഫൈനൽ ഉറപ്പാക്കി. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ യുക്രൈനിൻ്റെ ഒക്സാന ലിവാച്ചിനെ ആണ് വിനേഷ് ഫോഗട്ട് തോൽപ്പിച്ചത്.
50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മുൻ ചാമ്പ്യനാണ് ഒക്സാന ലിവാച്ച്. അവസാനനാലിൽ ഇടം നേടാനുള്ള വാശിയേറിയ ക്വാർട്ടർ ഫൈനലിൽ 7-5 എന്ന സ്‌കോറിനാണ് വിനേഷ് യുക്രൈൻ താരത്തെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നേടിയ ലീഡ് ഉടനീളം നിലനിർത്താൻ കഴിഞ്ഞത് വിനേഷ് ഫോകട്ടിന്റെ വിജയത്തിന് തുണയായി.
ഇന്ന് വൈകിട്ട് തന്നെ പാരിസ് ഒളിമ്പിക്സിന്റെ 50 കിലോ ഫ്രീ സ്റ്റൈൽ വിഭാഗം മത്സരത്തിന്റെ സെമിഫൈനൽ നടക്കുന്നതായിരിക്കും. ഒളിമ്പിക്‌സിൽ സെമിഫൈനൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമാണ് വിനേഷ്. സാക്ഷി മാലിക് 2016 ഒളിമ്പിക്‌സിൽ വെങ്കലം നേടിയപ്പോൾ ക്വാർട്ടർ ഫൈനലിൽ തോറ്റതിന് ശേഷം റിപ്പച്ചേജ് വഴിയായിരുന്നു മെഡൽ നേടിയത്. ഇന്ന് നടക്കുന്ന സെമി ഫൈനലിൽ കൂടി വിജയിച്ചാൽ ഗുസ്തിയിൽ ചരിത്രം കുറിക്കുന്ന ഇന്ത്യൻ താരമായി മാറാൻ വിനേഷ് ഫോഗട്ടിന് കഴിയും.
Discussion about this post