കായിക മത്സരങ്ങളിൽ പലതിനും പല ചട്ടങ്ങളാണ്. ഓട്ടത്തിനും മറ്റ് അത്‌ലറ്റിക്‌സ് മത്സരങ്ങൾക്കും മത്സരാർത്ഥികൾ നിർബന്ധമായും പാലിക്കേണ്ട നിരവധി നിയമങ്ങൾ ഉണ്ട്. എന്നാൽ നീന്തൽ മത്സരങ്ങൾക്ക് താരതമ്യേന ചട്ടങ്ങൾ കുറവാണ്. ആഴക്കുറവുള്ള ഭാഗത്തേവ് ഡൈവ് ചെയ്യാതിരിക്കുക, ഡെക്കിൽ ഓടുന്നത് ഒഴിവാക്കുക, സാധ്യമെങ്കിൽ നീന്തൽ കുളത്തിൽ മൂത്രമൊഴിക്കാതിരിക്കുക എന്നീ കാര്യങ്ങൾ മനസിൽ ഉണ്ടായാൽ മതിയാകും.
എന്നാൽ ഈ ചട്ടങ്ങളെല്ലാം മത്സരാർത്ഥികൾ പാലിക്കാറുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയമുണ്ട്, പ്രത്യേകിച്ച് മൂന്നാമത്തെ ചട്ടം. നീന്തൽക്കുളത്തിൽ മൂത്രമൊഴിക്കാറുണ്ടോ എന്ന ചോദ്യത്തിന് നീന്തൽ താരങ്ങളുടെ മറുപടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
ഈ ചോദ്യത്തിന് താരങ്ങൾ ഉത്തരം നൽകുന്ന വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. നീന്തൽക്കുളത്തിൽ മൂത്രമൊഴിക്കാറുണ്ട് എന്നാണ് വീഡിയോയിൽ ഭൂരിഭാഗം പേരും പറയുന്നത്. സാധാരണയായി തനിക്ക് മൂത്രമൊഴിക്കാൻ സമയം ലഭിക്കാറില്ലെന്നും താനുൾപ്പെടെ എല്ലാവരും അങ്ങനെ ചെയ്യാറുണ്ടെന്നുമാണ് അമേരിക്കൻ പാരാ സ്വിമ്മർ ജെസീക്ക ലോങ് പറയുന്നത്.
”നിങ്ങൾ കരുതുന്നതുപോലെയല്ല എല്ലാവരും അത് ചെയ്യുന്നുണ്ട്.’ നീന്തൽതാരം കേറ്റ് ഡഗ്ലസ് വീഡിയോയിൽ പറഞ്ഞു. ”സത്യം പറയുന്നവരും കള്ളം പറയുന്നവരും ഉണ്ട്, എന്നാൽ എല്ലാവരും കുളത്തിൽ മൂത്രമൊഴിക്കാറുണ്ട്”, മറ്റൊരു നീന്തൽതാരമായ ബോബി ഫിങ്കെ പറയുന്നു.
എന്നാൽ നേരത്തെയും ഇത്തരത്തിൽ നിരവധി താരങ്ങൾ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. താൻ നീന്താനിറങ്ങിയ എല്ലാ നീന്തൽക്കുളത്തിലും മൂത്രമൊഴിക്കാറുണ്ടെന്ന് രണ്ട് തവണ സ്വർണമെഡൽ നേടിയ ലിലി കിങ് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. വെള്ളത്തിലായതുകൊണ്ട് തന്നെ തനിക്ക് കുളത്തിൽത്തന്നെ മൂത്രമൊഴിക്കേണ്ടി വരുന്നതായി ജേക്ക് മിഷേലും ഒരിക്കൽ പറഞ്ഞു.
‘പുറത്തുള്ളവർക്ക് ഇതുൾക്കൊള്ളാൻ പ്രയാസമായിരിക്കും, പക്ഷേ നീന്തൽക്കുളത്തിലെ വെള്ളത്തിൽ ധാരാളം ക്ലോറിനുണ്ട്’, എന്ന് മൂന്ന് തവണ ഒളിമ്പിക് മെഡൽ നേടിയ കാറ്റി ഹോഫ് പറഞ്ഞിട്ടുണ്ട്. മത്സരാർത്ഥികൾ വെള്ളത്തിൽ മൂത്രമൊഴിച്ചാലും അത് പ്രശ്‌നമല്ലെന്നാണ് താരം ഉദ്ദേശിച്ചത്.
എന്തായാലും താരങ്ങളുടെ പ്രതികരണം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. താരങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. തന്റെ രണ്ട് വയസുള്ള മകൻ പോലും മൂത്രമൊഴിക്കാൻ നീന്തക്കുളത്തിന് പുറത്ത് പോകാറുണ്ടെന്നാണ് ഒരു സോഷ്യൽമീഡിയ ഉപയോക്താവ് പ്രതികരിച്ചത്. പക്വതയെത്തിയ താരങ്ങൾ എന്തുകൊണ്ട് ഇത്തരം പ്രവൃത്തികളുടെ മോശം വശങ്ങൾ മനസിലാക്കുന്നില്ല എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
Discussion about this post