മുംബൈ : അഞ്ചാം നിലയിൽ നിന്നും നായ ദേഹത്തേക്ക് വീണ് മൂന്നു വയസ്സുകാരി മരിച്ചു. മഹാരാഷ്ട്രയിലെ താനെയിൽ ആണ് അപകടമുണ്ടായത്. അമ്മയോടൊപ്പം റോഡിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയാണ് നായ ദേഹത്തേക്ക് വീണതിനെ തുടർന്ന് മരിച്ചത്. 10 വർഷത്തെ കാത്തിരിപ്പിന് ശേഷം മാതാപിതാക്കൾക്ക് ഉണ്ടായ ഒറ്റ മകളാണ് ഈ ദാരുണമായ സംഭവത്തിൽ മരിച്ചത്.
ഗോൾഡൻ റിട്രീവർ ഇനത്തിൽ പെട്ട നായയാണ് അഞ്ചാം നിലയ്ക്ക് മുകളിൽ നിന്നും കുട്ടിയുടെ ദേഹത്തേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ചത്രപതി ശിവജി ആശുപത്രിയിലും പിന്നീട് കാൽസേകർ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും നായയെ വളർത്താൻ ഉടമ ലൈസൻസ് എടുത്തിരുന്നോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. നായ സ്വമേധയാ താഴേക്ക് ചാടിയതാണോ അതോ ആരെങ്കിലും താഴേക്ക് എറിഞ്ഞതാണോ എന്നതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് താനെ പോലീസ് വ്യക്തമാക്കി.
Discussion about this post