മുംബൈ: വിമാന യാത്രയിൽ തേങ്ങയ്ക്ക് വിലക്ക്. വിമാന കമ്പനിയായ ഇൻഡിഗോയാണ് തേങ്ങ കൊണ്ട് യാത്ര ചെയ്യുന്നതിന് യാത്രികരെ വിലക്കിയത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം.
ഭർത്താവിന്റെ അമ്മയ്ക്ക് ഉണ്ടായ അനുഭവം പങ്കുവച്ചുകൊണ്ട് യുവതിയാണ് സോഷ്യൽ മീഡിയ വഴി തേങ്ങയ്ക്ക് വിമാനത്തിൽ വിലക്ക് ഏർപ്പെടുത്തിയകാര്യം വ്യക്തമാക്കിയത്. വിദേശത്തേയ്ക്ക് തേങ്ങ കൊണ്ട് പോകാൻ അമ്മ ശ്രമിച്ചിരുന്നു. എന്നാൽ ലഗേജ് പരിശോധിയ്ക്കുന്നതിനിടെ ജീവനക്കാർ തേങ്ങ കൊണ്ടുപോകാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇക്കാര്യം യുവതി എക്‌സിൽ കുറിച്ചു. ഇതിന് നൽകിയ മറുപടിയിൽ തേങ്ങ കൊണ്ടുപോകാൻ കഴിയാത്തതിന്റെ കാരണം ഇൻഡിഗോ വ്യക്തമാക്കുന്നുണ്ട്.
തീപിടിയ്ക്കാൻ ഏറെ സാദ്ധ്യതയുള്ള വസ്തുവാണ് തേങ്ങ. അതിനാലാണ് ചെക്ക് ഇൻ ബാഗിൽ തേങ്ങ അനുവദിക്കാത്തത്. തേങ്ങയിൽ എണ്ണയുടെ അളവ് കൂടുതലാണ്. അതുകൊണ്ടാണ് വേഗത്തിൽ തീ പിടിയ്ക്കുന്നത്. അതിനാൽ വിമാനങ്ങളിൽ തേങ്ങ കൊണ്ടുപോകാൻ പാടില്ല. ഇത് വിമാനക്കമ്പനികൾ പ്രോത്സാഹിപ്പിക്കാറില്ലെന്നും ഇൻഡിഗോ വ്യക്തമാക്കി. അതേസമയം മുറിച്ച തേങ്ങ വിമാനത്തിൽ കൊണ്ടുപോകാം.
വിദേശത്തേയ്ക്ക് ആദ്യമായി പോകുമ്പോൾ എന്തെല്ലാം കൊണ്ടുപോകാം എന്നകാര്യത്തിൽ പലർക്കും ശരിയായ ധാരണയില്ല. മറുപടിയിലൂടെ വിമാനയാത്രികർക്ക് പുതിയ അറിവ് കൂടിയാണ് ഇൻഡിഗോ നൽകിയിരിക്കുന്നത്.
Discussion about this post