ന്യൂഡൽഹി: ഉരുൾപൊട്ടൽ തുടച്ചുനീക്കിയ വയനാട്ടിലെ ചൂരൽമല ഗ്രാമം പുനർനിർമ്മിക്കാൻ ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി. ഇതിനുള്ള സമ്മതപത്രവും പദ്ധതിരേഖയും മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചു. സംസ്ഥാന സർക്കാരിന് ഒരു രൂപ പോലും സാമ്പത്തിക ബാദ്ധ്യത വരുത്താതെ മുഴുവൻ ചിലവും വഹിച്ചുകൊണ്ടാകും ഗ്രാമം പുനർനിർമ്മിക്കുക.
ഉരുൾപൊട്ടലിനെ തുടർന്ന് ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ വീട് പൂർണമായും നഷ്ടമായവർക്കാണ് എച്ച് ആർഡിഎസ് ഇന്ത്യ വീടുകൾ വച്ചുനൽക്കുക. എന്നാൽ ഇതിന ആവശ്യമായ സ്ഥലം സർക്കാർ കണ്ടെത്തി നൽകണം. രണ്ട് ബെഡ്‌റൂം, ഹാൾ, അടുക്കള, ശുചിമുറി, വരാന്ത, അതിഥി മുറി എന്നിവയാകും ഒരു വീടിൽ ഉണ്ടാകുക. വീടുകൾക്ക് പുറമേ ഓഡിറ്റോറിയം, വിദ്യാലയം, കുടിവെള്ളം, വൈദ്യുതി എന്നിവയ്ക്കായുള്ള സൗകര്യങ്ങളും ഒരുക്കും. പൊതുസ്ഥാപനങ്ങൾ നിർമ്മിയ്ക്കുന്നതിന് 20 ഏക്കർ സ്ഥലവും, ഓരോ വീടുനുമായി 10 സെന്റ് സ്ഥലവും ഏറ്റെടുത്ത് നൽകണം എന്ന് എച്ച്ആർഡിഎസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുണഭോക്താക്കളെ നിശ്ചയിക്കാനുള്ള ചുമതലയും സർക്കാരിനാണ്.
വിനോദസഞ്ചാര സാദ്ധ്യത ഏറെയുള്ള ജില്ലയാണ് വയാനാട്. അതിനാൽ ഇത് പ്രയോജനപ്പെടുത്താൻ ദുരിതബാധികർക്ക് സൗകര്യം ഉണ്ടാക്കി നൽകും. ഓരോ വീടിനോട് ചേർന്നും വിനോദസഞ്ചാരികൾക്കായി പ്രത്യേക മുറി കൂടി നിർമ്മിയ്ക്കും. പുറത്ത് നിന്നും വാതിലുള്ള ഈ മുറിയിൽ രണ്ട് ബെഡ്, ഫ്രിഡ്ജ്, അറ്റാച്ച്ഡ് ബാത്ത് റൂം, വരാന്ത എന്നിവയാകും ഉണ്ടാകുക. ഇതിന് പുറമേ ഈ മുറിയിൽ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യവും ഉണ്ടാക്കും. 3000 രൂപയായിരിക്കും ഈ മുറി ഉപയോഗിക്കുന്നതിന് വിനോദസഞ്ചാരികളിൽ നിന്നും ഈടാക്കുക. വിനോദസഞ്ചാരികളെ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും എച്ച്ആർഡിഎസ് ഇവിടെ ഒരുക്കി നൽകും.
എച്ച്ആർഡിഎസ് അദ്ധ്യക്ഷൻ സ്വാമി ആത്മ നമ്പിയുടെ ബ്രസീലിലുള്ള ആശ്രമത്തിന്റെ സഹായത്തോടെയാകും വീടുകളുടെ നിർമ്മാണം. സർക്കാർ സ്ഥലം കണ്ടെത്തി നൽകിയാൽ ഉടൻ തന്നെ വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. 180 ദിവസമായിരിക്കും ഒരു വീടിന്റെ നിർമ്മാണത്തിന് വേണ്ടി ചിലവിടുക.
Discussion about this post