പാരീസ് : 2024 പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യൻ ഹോക്കി ടീമിന്റെ അവസാന മത്സരത്തിന് ഇനി ഏതാനും മിനിറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്.
സെമി ഫൈനൽ മത്സരത്തിൽ പരാജയപ്പെട്ടതോടെ വെങ്കല മെഡലിനായുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്. ഹർമൻപ്രീത് സിംഗ് നയിക്കുന്ന ടീം ഇന്ത്യ ഇന്നത്തെ വെങ്കല പോരാട്ടത്തിൽ സ്‌പെയിനിനെ ആണ് നേരിടുന്നത്. അവസാന മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ ഹോക്കി ടീമിന്റെ ഇതിഹാസ ഗോൾകീപ്പർ മലയാളി താരം പി ആർ ശ്രീജേഷ് പങ്കുവെച്ച ഒരു വൈകാരിക കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
” അവസാന മത്സരത്തിനായുള്ള ഗോൾ പോസ്റ്റുകൾക്കിടയിൽ നിൽക്കുമ്പോൾ എന്റെ ഹൃദയം നന്ദിയും അഭിമാനവും കൊണ്ട് വീർപ്പുമുട്ടുകയാണ്. ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്ന ഒരു ചെറുപ്പക്കാരനിൽ നിന്നും ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കുന്ന മനുഷ്യനായുള്ള ഈ യാത്ര അസാധാരണമായ ഒന്നായിരുന്നു. ഇന്ന് ഞാൻ എന്റെ അവസാനത്തെ മത്സരമാണ് കളിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടിയുള്ള ഓരോ മത്സരങ്ങളും ജനക്കൂട്ടത്തിന്റെ ഓരോ ആർപ്പുവിളികളും എന്റെയുള്ളിൽ എന്നും പ്രതിധ്വനിക്കും. എന്നിൽ വിശ്വസിച്ചതിന് നന്ദി. ഇത് ഒരിക്കലും അവസാനം അല്ല, പ്രിയങ്കരമായ ഓർമ്മകളുടെ തുടക്കമാണ്” എന്നായിരുന്നു പി ആർ ശ്രീജേഷ് മത്സരത്തിനു മുന്നോടിയായി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ സൂചിപ്പിച്ചത്.
ഈ വർഷത്തെ ഒളിമ്പിക്‌സിന് ശേഷം വിരമിക്കുമെന്ന് പിആർ ശ്രീജേഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 2006ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇതുവരെ 328 മത്സരങ്ങൾ ഇന്ത്യക്കായി ശ്രീജേഷ് കളിച്ചിട്ടുണ്ട്. രാജ്യം ഖേൽ രത്ന പുരസ്കാരം നൽകി ആദരിച്ചിട്ടുള്ള അദ്ദേഹത്തിൻ്റെ 18 വർഷത്തെ കരിയർ ഇന്ന് അവസാനിക്കുമ്പോൾ അത് വെങ്കലമെഡൽ നേടിക്കൊണ്ടാവണം എന്ന് ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുകയാണ്.
Discussion about this post