ന്യൂഡൽഹി: ബംഗ്ലാദേശിൽ കലാപം തുടരുന്നനിടെ ബ്രിട്ടൺ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ് ജയ്ശങ്കർ. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യം വിലയിരുത്തി. നിയമങ്ങൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകാൻ കഴിയില്ലെന്ന് ബ്രിട്ടൺ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തിയത്.
വൈകീട്ടോടെയായിരുന്നു വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലമ്മിയെ ജയ്ശങ്കർ ഫോണിൽ ബന്ധപ്പെട്ടത്. ബംഗ്ലാദേശിലെയും മദ്ധ്യേഷ്യയിലെയും സാഹചര്യത്തിൽ ഇരുവരും ചേർന്ന് വിലയിരുത്തി. ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകുന്നതുമായി ബന്ധപ്പെട്ടും സംസാരിച്ചുവെന്നാണ് സൂചന. എന്നാൽ ഇതേക്കുറിച്ച് ഇരു രാജ്യങ്ങളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവിൽ ഇന്ത്യയിൽ തന്നെ തുടരുകയാണ് ഷെയ്ഖ് ഹസീന.
കഴിഞ്ഞ ദിവസമാണ് ഹസീനയ്ക്ക് അഭയം നൽകാൻ കഴിയില്ലെന്ന് ബ്രിട്ടൺ അറിയിച്ചത്. കുടിയേറ്റ നിയമങ്ങൾ പരിഗണിക്കുമ്പോൾ ഒരു വ്യക്തിയ്ക്കും രാഷ്ട്രീയ അഭയം നൽകാൻ വ്യവസ്ഥയില്ല. അതിനാൽ അഭയം നൽകാൻ കഴിയില്ലെന്നും ബ്രിട്ടൺ വ്യക്തമാക്കിയിരുന്നു. നിലവിൽ ഡൽഹിയിലെ ഹിൻഡൻ വ്യോമതാവളത്തിന് സമീപത്തെ വസതിയിൽ ആണ് ഹസീനയുള്ളത്. ഇവർക്കൊപ്പം സഹോദരിയും ഇവിടെയുണ്ട്.
്അതേസമയം ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റുകളുടെ കലാപം തുടരുകയാണ്. ഇതുവരെ 550 പേരാണ് കലാപങ്ങളിലായി കൊല്ലപ്പെട്ടിട്ടുള്ളത്.
Discussion about this post