ന്യൂഡൽഹി: തുടർച്ചയായ രണ്ടാം തവണയും ഹോക്കി ഒളിമ്പിക്‌സിൽ മെഡൽ നേടിയ ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വരും തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് ഈ നേട്ടമെന്ന് മോദി കുറിച്ചു. വരും തലമുറകൾക്കായി കാത്തുസൂക്ഷിക്കുന്ന ഒരു നേട്ടം. ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്‌സിൽ തിളങ്ങി, വെങ്കല മെഡൽ വീട്ടിലേക്ക് കൊണ്ടുവന്നു. ഒളിമ്പിക്‌സിലെ അവരുടെ തുടർച്ചയായ രണ്ടാം മെഡലാണിത് എന്നതിനാൽ ഇത് കൂടുതൽ സവിശേഷമാണ്. അവരുടെ വിജയം നൈപുണ്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ടീം സ്പിരിറ്റിന്റെയും വിജയമാണ്. അവർ അപാരമായ ധീരതയും സഹിഷ്ണുതയും പ്രകടിപ്പിച്ചു. കളിക്കാർക്ക് അഭിനന്ദനങ്ങൾ. ഓരോ ഇന്ത്യക്കാരനും ഹോക്കിയുമായി വൈകാരിക ബന്ധമുണ്ട്, ഈ നേട്ടം നമ്മുടെ രാജ്യത്തെ യുവജനങ്ങൾക്കിടയിൽ കായിക വിനോദത്തെ കൂടുതൽ ജനപ്രിയമാക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ കുറിപ്പ്.
ഇന്ന് നടന്ന വെങ്കല മെഡൽ പോരാട്ടത്തിൽ സ്പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും ഇന്ത്യൻ ടീം മെഡലണിഞ്ഞിരിക്കുന്നത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്.
ഗോൾ വല കാത്ത മലയാളി താരം ശ്രീജേഷിന്റെ പ്രകടനവും മത്സരത്തിൽ നിർണായകമായി. ഇന്ത്യൻ ജേഴ്സിയിൽ താരത്തിന്റെ 335-ാം മത്സരംകൂടിയായിരുന്നു ഇത്.
Discussion about this post